സ്ത്രീകൾ പ്രസവിക്കാൻ തയാറല്ല; ദക്ഷിണ കൊറിയ ഗുരുതര പ്രതിസന്ധിയിലേക്ക്

സിയോള്‍- ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലുള്ള ദക്ഷിണ കൊറിയയിലെ ജനനനിരക്ക് കഴിഞ്ഞ വര്‍ഷവും താഴോട്ടു പോയി. സ്വന്തം കരിയര്‍ പുരോഗതിയെക്കുറിച്ചും കുട്ടികളെ വളര്‍ത്തുന്നതിനുള്ള സാമ്പത്തിക ചെലവുകളെക്കുറിച്ചും ഉത്കണ്ഠാകുലരായ സ്ത്രീകള്‍ പ്രസവം വൈകിപ്പിക്കാനോ കുഞ്ഞുങ്ങള്‍ ഉണ്ടാകാതിരിക്കാനോ തീരുമാനിക്കുകയാണ്.
ദക്ഷിണ കൊറിയന്‍ സ്ത്രീക്ക്  പ്രതീക്ഷിക്കുന്ന ശരാശരി കുഞ്ഞുങ്ങളുടെ എണ്ണം 2022 ലെ 0.78 ല്‍ നിന്ന് കഴിഞ്ഞ വര്‍ഷം 0.72 ആയി കുറഞ്ഞു.
ജനസംഖ്യാ സ്ഥിരതക്ക് ആവശ്യമായ 2.1 എന്ന നിരക്കിനേക്കാള്‍ വളരെ താഴെയാണിതെന്ന് കഴിഞ്ഞ ദിവസം പറുത്തുവന്ന ഡാറ്റകള്‍ കാണിക്കുന്നു. 2015 ലെ 1.24 എന്ന നിരക്കില്‍നിന്നും വളരെ താഴോട്ട് പോയി. 2015 ല്‍ ഭവന, വിദ്യാഭ്യാസ ചെലവ് തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ കുറവായിരുന്നു.

ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒ.ഇ.സി.ഡി) അംഗ രാജ്യങ്ങളില്‍ 2018 മുതല്‍ ഒന്നില്‍ താഴെ നിരക്കുള്ള ഒരേയൊരു രാജ്യമാണ് സൗത്ത് കൊറിയ. ജനസംഖ്യ കുറയുന്നതിലേക്ക് നയിക്കുന്ന പ്രവണതയെ മറികടക്കാന്‍ രാജ്യം ബില്യണ്‍ കണക്കിന് ഡോളറാണ് ചെലവഴിച്ചത്.  
കുഞ്ഞ് വേണമെന്നുണ്ടെങ്കിലും  പ്രമോഷനുള്ള സാധ്യത  കളയാന്‍ ആഗ്രഹിക്കുന്നില്ലെന്നണ്  പല വനിതകളും പറയുന്നത്.
ദക്ഷിണ കൊറിയയുടെ ജനസംഖ്യാ പ്രതിസന്ധി സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക ക്ഷേമ സംവിധാനത്തിനും  വലിയ അപകടമായി മാറിയിരിക്കയാണെന്നും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ ജനസംഖ്യയായ 51 ദശലക്ഷം പകുതിയായി കുറയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ജനസംഖ്യാ നിരക്ക് 0.68 ആയി കുറയുമെന്ന് ദക്ഷിണ കൊറിയ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭവന ചെലവുള്ള തലസ്ഥാനമായ സിയോളില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഫെര്‍ട്ടിലിറ്റി നിരക്ക് 0.55 ആയിരുന്നു.
ഏപ്രിലിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണ കൊറിയയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ പൊതു ഭവനങ്ങളും എളുപ്പമുള്ള വായ്പകളും വാഗ്ദാനം ചെയ്യുകയാണ്. ഇതുവഴി കൂടുതല്‍ പ്രസവം പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് കണക്കു കൂട്ടുന്നു.  'ദേശീയ വംശനാശം' എന്ന ഭയമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.
രാജ്യത്ത് വിവാഹങ്ങളും കുറഞ്ഞുവരികയാണ്.

വിവാഹം കഴിക്കാത്തവരുണ്ടെങ്കിലും വിവാഹിതരായ ദമ്പതികള്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകരുതെന്ന് തീരുമാനിക്കുന്നതാണ് മനസ്സിലാകാത്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
അതിവേഗം പ്രായമാകുന്ന ജനസംഖ്യയുമായി പൊരുതുന്ന ദക്ഷിണ കൊറിയയോടൊപ്പം അയല്‍രാജ്യമായ ജപ്പാനുമുണ്ട്. 2023 ല്‍ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം ജപ്പാനിലും തുടര്‍ച്ചയായ എട്ടാം വര്‍ഷവും താഴ്ന്ന നിലയിലാണ്.

 

 

Latest News