റിയാദ്- മുസ്‌ലിം രാഷ്ട്രീയത്തിന് കരുത്ത് പകര്‍ന്ന ജീവിതമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ ഇ സാദിഖലിയെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, ചരിത്രാന്വേഷകന്‍, പ്രസാധകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ സാദിഖലി നീണ്ടകാലം മുസ്‌ലിം ലീഗിന്റെ സര്‍വ്വ മേഖലയിലും സേവനമനുഷ്ഠിച്ച ആത്മാര്‍ഥ പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടിയുടെ ദേശീയ സംസ്ഥാന കമ്മിറ്റികള്‍ നടത്തുന്ന എല്ലാ പരിപാടികളുടെയും വിജയത്തിന് വേണ്ടി പ്രയത്‌നിച്ച സാദിഖലി ചന്ദ്രികയുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടാറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയ അദ്ദേഹത്തിന്റെ ജിന്നയെ കുറിച്ചുള്ള പുസ്തകം ശ്രദ്ധേയമാണ്. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പുറത്തിറക്കുന്ന കെഎംസിസിയുടെ ചരിത്ര പുസ്തകവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തിയ സ്‌നേഹ സന്ദേശയാത്രയുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന പുസ്തകവും ഇ സാദിഖലിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇരു പുസ്തകങ്ങളുടേയും പ്രകാശനത്തിന് കാത്ത് നില്‍ക്കാതെയാണ് അദ്ദേഹം വിടപറഞ്ഞത്.
ജീവിതകാലമത്രയും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സേവകനായി നിലകൊണ്ട സാദിഖലിയുടെ ജീവിതം അപൂര്‍വ്വവും മാതൃകാപരവുമായിരുന്നെന്ന് അനുശോചന യോഗത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.
ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ഉസ്മാന്‍ അലി പാലത്തിങ്ങല്‍, വി കെ മുഹമ്മദ്, തിരൂര്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ കെ തങ്ങള്‍ തിരൂര്‍, ജലീല്‍ തിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് വെള്ളേപ്പാടം, അബ്ദുറഹ്മാന്‍ ഫാറൂഖ്, നാസര്‍ മാങ്കാവ്, മാമുക്കോയ തറമ്മല്‍, റഫീഖ് മഞ്ചേരി, അഡ്വ. അനീര്‍ ബാബു, കബീര്‍ വൈലത്തൂര്‍, പി സി മജീദ്, നജീബ് നല്ലാംങ്കണ്ടി എന്നിവര്‍ അനുശോചനയോഗത്തില്‍ സംബന്ധിച്ചു. മയ്യത്ത് നമസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും ബഷീര്‍ ഫൈസി നേതൃത്വം നല്‍കി.