ന്യൂദല്‍ഹി - ഗ്യാന്‍വാപി മസ്ജിദിനോട് ചേര്‍ന്നുള്ള നിലവറകളില്‍ ഹിന്ദുവിഭാഗത്തിന് ആരാധന നടത്താന്‍ അനുമതി നല്‍കിയ പ്രാദേശിക കോടതി വിധി ശരിവെച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റി. ഗ്യാന്‍വാപി മസ്ജിദ് പരിുപാലിക്കുന്ന അജുമന്‍ ഇന്‍തിസാമിയ കമ്മിറ്റിയാണ് സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. 1993 ല്‍ വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിലെ തെക്കന്‍ നിലവറയില്‍ ഹിന്ദുവിഭാഗം നടത്തിയ ആരാധനാ ചടങ്ങുകള്‍ നിര്‍ത്തിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് വാരണസി ജില്ലാകോടതിയുടെ ഉത്തരവ് അലഹാബാദ് ഹൈക്കോടതി ശരിവെച്ചത്. എന്നാല്‍, 1993ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം മുസ്‌ലിം വിഭാഗത്തിന് ലഭിക്കേണ്ട അവകാശം പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയത്.






