ഇന്ത്യ പുറത്താക്കിയ ബ്രിട്ടീഷ് എഴുത്തുകാരി നിതാശ കൗൾ
ബെംഗളുരു- ഇന്ത്യാ വിരുദ്ധ, വിഭജന അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യയിൽ പ്രവേശിക്കാൻ അനുവദിക്കാതെ ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് അധികൃതർ തിരിച്ചയച്ച ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരി നിതാശ കൗൾ വിശദീകരണവുമായി രംഗത്ത്. തന്നെ പുറത്താക്കാൻ പറയപ്പെട്ട കാരണങ്ങളെയെല്ലാം നിഷേധിച്ച നിതാശ കൗൾ എക്സിൽ ഇട്ട കുറിപ്പിൽ ഇപ്രകാരം വിശദീകരിക്കുന്നു. 'അതെല്ലാം കളവാണ്. ഞാൻ പാക്കിസ്ഥാനിയെ കല്യാണം കഴിച്ചിട്ടില്ല. മുസ്ലിമായി മാറിയിട്ടില്ല, ചൈനയുടെ കരുവോ, പാശ്ചാത്യരുടെ കളിപ്പാവയോ അല്ല. ഞാൻ കമ്മിയല്ല, ജിഹാദിയല്ല, പാക് അനുകൂലിയുമല്ല, ഭീകരതയെ പിന്തുണക്കുന്നുമില്ല, ഇന്ത്യാ വിരുദ്ധയല്ല, ഏതെങ്കിലും ഗൂഢസംഘത്തിന്റെ ഭാഗവുമല്ല.
സ്വേഛാധിപതകൾ ഭയക്കുന്ന, ചിന്തിക്കുന്ന സ്ത്രീ മാത്രമാണ് ഞാൻ'.
കർണാടക സർക്കാരിന്റെ ക്ഷണപ്രകാരം ഒരു സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കൗളിനെ കഴിഞ്ഞ ഞായറാഴ്ചയാണ് ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ അധികൃതർ തിരിച്ചയച്ചത്. ഇക്കാര്യം അന്നുതന്നെ അവർ എക്സിൽ കുറിച്ചിരുന്നു. ഇതിന്റെ അപമാനം എനിക്കു മാത്രമല്ല, അസംബന്ധവും അരക്ഷിത ബോധവുമുള്ള ഒരു ഭരണകൂടത്തിനുകൂടിയാണെന്നും അവർ കുറച്ചു. എന്റെ പുസ്തകത്തിൽ ഞാൻ പരാമർശിച്ച കൊളോണിയലിസത്തിന്റെ ധാർമിക മുറിപ്പാടാണ് അവിടെ പ്രകടമായതെന്നും അവർ വ്യക്തമാക്കി.
ലണ്ടനിലെ യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റ്മിനിസ്റ്ററിൽ പ്രൊഫസറായ നിതാശ കൗളിന്റെ വിഷയങ്ങൾ, പൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻസ്, ക്രിട്ടിക്കൽ ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ് എന്നിവയാണ്. താൻ ഒരു കശ്മീരി നോവലിസ്റ്റാണെന്നും അവർ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. വലതുപക്ഷ രാഷ്ട്രീയം, പോസ്റ്റ് കൊളോണിയൽ നിയോലിബറൽ നാഷണലിസം, ഇന്ത്യയിലെ ഹിന്ദുത്വ പദ്ധതി, കശ്മീരിന്റെ ചരിത്രവും രാഷ്ട്രീയം എന്നിവയെല്ലാം തന്റെ ഇഷ്ടവിഷയങ്ങളാണെന്ന് അവർ വെബ്സൈറ്റിൽ പറയുന്നു.






