'ബി.ജെ.പി ഹഠാവോ, ദേശ് ബചാവോ' ന്യായ് യാത്രയിൽ പങ്കുചേർന്ന് അഖിലേഷ്

ആഗ്ര- രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ആവേശം പകർന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് അഖിലേഷ് യാത്രയിൽ പങ്കാളിയായത്. രാഹുലിനും പ്രിയങ്കക്കുമൊപ്പം വാഹനത്തിൽ കുറേ ദൂരം സഞ്ചരിച്ച അഖിലേഷ് ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. ബി.ജെ.പി ഹഠാവോ, ദേശ് കൊ ബചാവോ (ബി.ജെ.പിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ) എന്ന മുദ്രാവാക്യവുമായായിരുവന്നു അദ്ദേഹത്തിന്റെ പ്രസംഗം. 
യു.പിയിൽ എസ്.പിയും കോൺഗ്രസും സീറ്റ് ധാരണയിലെത്തിയതോടെ ഇന്ത്യ മുന്നണിക്ക് ലഭിച്ച ആത്മവിശ്വാസം ബലപ്പെടുത്തുന്നതായി ന്യായ് യാത്രയിലെ അഖിലേഷിന്റെ സാന്നിധ്യം. സീറ്റ് വിഭജനം പൂർത്തിയായതോടെ ഇനി യു.പിയിലെ യാത്രയിൽ സമാജ് വാദി പാർട്ടി നേതാക്കളും പങ്കെടുക്കുമെന്ന് പി.സി.സി അധ്യക്ഷൻ അജയ് റായ് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം മുറാദാബാദിൽ യാത്രക്കൊപ്പം ചേർന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഇന്നലെയും രാഹുലിനൊപ്പം യാത്രയിൽ പങ്കാളിയായി. യാത്രയിലുടനീളം കോൺഗ്രസിനെ പോലും അമ്പരപ്പിച്ചുകൊണ്ട് വൻ ജനപങ്കാളിത്തമാണ് ഉണ്ടാവുന്നത്. അംറോഹ, സംഭാൽ, ബുലന്ദ്ശഹർ, അലിഗർ, ഹത്രാസ്, എന്നിവിടങ്ങളിൽ പതിനായിരങ്ങൾ യാത്രയെ സ്വീകരിക്കാനും രാഹുലിന്റെ പ്രസംഗം കേൾക്കാനുമെത്തി. യുവാക്കളിലെ രൂക്ഷമായ തൊഴിലില്ലായ്മയെയും രാജ്യത്തെ വിഭവങ്ങളെല്ലാം അദാനി അടക്കമുള്ള കുത്തകൾക്ക് വിട്ടുകൊടുക്കുന്ന മോഡി സർക്കാരിന്റെ നയങ്ങളെ കടന്നാക്രമിച്ചും, ജാതി സെൻസസിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുമായിരുന്നു ഓരോ സ്ഥലത്തും രാഹുൽ പ്രസംഗിച്ചത്. ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായ അയോധ്യ ക്ഷേത്ര നിർമാണത്തെ കാര്യമാക്കാത്ത രാഹുൽ, 'പാവപ്പെട്ടവർക്ക് അമ്പലവും പള്ളിയും, അദാനിക്ക് എയർപോർട്ടും, തുറമുഖവും' എന്ന ആരോപണവുമുയർത്തി. മോഡി സർക്കാർ കൊണ്ടുവന്ന അഗ്നിവീർ സൈനിക റിക്രൂട്ട്‌മെന്റ് സംവിധാനത്തിന്റെ പോരായ്മകളും, യു.പിയിലെ പോലീസ് കോൺസ്റ്റബിൾ പരീക്ഷ പേപ്പർ ചോർച്ചയുമെല്ലാം രാഹുൽ പ്രസംഗങ്ങളിൽ ഉയർത്തിക്കാട്ടി. 

Tags

Latest News