കുതിരയോട്ട മത്സരം സൗദി കപ്പ്; ജേതാക്കളെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആദരിച്ചു

റിയാദ്- റിയാദ് കിംഗ് അബ്ദുല്‍ അസീസ് ഇക്വസ്ട്രിയന്‍ ഫീല്‍ഡില്‍ നടന്ന അന്താരാഷ്ട്ര കുതിരയോട്ട സൗദി കപ്പ് ജേതാക്കളെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആദരിച്ചു. ഇക്വസ്ട്രിയന്‍ അതോറിറ്റി ചെയര്‍മാന്‍ ബന്ധര്‍ ബിന്‍ ഖാലിദ് അല്‍ഫൈസല്‍, റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍, സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി എന്നിവര്‍ കിരീടാവകാശിയെ സ്വീകരിച്ചു.
മദീന ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍, ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ്, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍, സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല എന്നിവര്‍ കിരീടാവകാശിയെ അനുഗമിച്ചു.
കിരീടാവകാശിയുടെ സാന്നിധ്യത്തില്‍ മത്സര വിജയികളായ കുതിരകളെ പരേഡ് ഗ്രൗണ്ടിലെത്തിച്ച ശേഷം കപ്പിന്റെ ഒമ്പതാം റൗണ്ട് ആരംഭിച്ചു. മത്സരം അവസാനിച്ചയുടനെ കിരീടാവകാശി സമ്മാന വിതരണ പോയിന്റിലെത്തി. ഒന്നാം സ്ഥാനം നേടിയ സീനിയര്‍ പെസ്‌കാഡോര്‍ കുതിരയുടെ ഉടമ ശറഫ് അല്‍ഹരീരി, പരിശീലകന്‍ ഹമദ് ആല്‍ റശീദ്, റൈഡര്‍ ജൂനിയര്‍ അല്‍വര്‍ഡോ എന്നിവരെ ആദരിച്ചു. ചടങ്ങില്‍ നിരവധി മന്ത്രിമാരും ഗവര്‍ണര്‍മാരും വകുപ്പുതലവന്‍മാരും സംബന്ധിച്ചു.

Tags

Latest News