57 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള  സ്ഥലവും ലോകത്തുണ്ട് 

ലോസ് ഏഞ്ചല്‍സ്- ഗള്‍ഫിലെ ചൂട് സാരമില്ലേനി, ഇവിടെയാണേല്‍ മനുഷ്യന് ജീവിക്കാനേ വയ്യ. മലബാറിലെ അങ്ങാടികളില്‍ കേള്‍ക്കുന്ന പതിവ് ഡയലോഗാണിത്. വേനല്‍ ചൂട് കടുക്കുകയാണെന്നത് യാഥാര്‍ഥ്യമാണ്. കേരളത്തിലെ മിക്ക ജില്ലകളും ഉയര്‍ന്ന താപനിലയില്‍ ചുട്ടുപൊള്ളുന്നു. അതില്‍ തന്നെ കണ്ണൂര്‍, പാലക്കാട് ജില്ലകളാണ് ഇപ്പോള്‍ ചൂടിന്റെ കാര്യത്തില്‍ കേരളത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന സ്ഥലങ്ങള്‍. എന്നാല്‍, ഈ ഭൂമിയിലെതന്നെ ഏറ്റവും ചൂടുള്ള പ്രദേശം ഏതാണെന്ന് അറിയാമോ? അതാണ് കാലിഫോര്‍ണിയയിലെ 'ഡെത്ത് വാലി'. ഇപ്പോള്‍ നാസ എര്‍ത്ത് ഒബ്സര്‍വേറ്ററി ചിത്രീകരിച്ച ഡെത്ത് വാലിയിലെ കൗതുകകരമായ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. അവിടെ ഒരു താല്‍ക്കാലിക തടാകം രൂപപ്പെട്ടതിന്റെ ഉപഗ്രഹചിത്രങ്ങളാണ് ഇവ.
ലോകത്തിലെ ഏറ്റവും ചൂടുള്ളതും വടക്കേ അമേരിക്കയിലെ ഏറ്റവും വരണ്ടതുമായ പ്രദേശമാണ് ഡെത്ത് വാലി. ഇവിടെ സാധാരണഗതിയില്‍ 51 മില്ലിമീറ്ററിലും കുറഞ്ഞ അളവിലുള്ള മഴയാണ് ലഭിക്കാറുള്ളത്. എന്നാല്‍, കഴിഞ്ഞ 6 മാസങ്ങള്‍ക്കിടെ അതിന്റെ ഇരട്ടിയിലധികം മഴ ഇവിടെ ലഭിച്ചു. അതിന് കാരണമായി പറയുന്നത് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഈ മേഖലയില്‍ വീശിയടിച്ച ഹിലറി എന്ന ചുഴലിക്കാറ്റാണ്. ഇതിന്റെ ഫലമായുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് ഇത്രയേറെ മഴ ലഭിക്കാന്‍ കാരണമായത്. കനത്ത മഴയെ തുടര്‍ന്നാണ് ഇവിടെ ഒരു തടാകം തന്നെ രൂപപ്പെട്ടത്.
1913 ജൂലൈ പത്തിന് ഇവിടത്തെ ഫര്‍ണസ് ക്രീക്ക് എന്ന സ്ഥലത്ത് 57 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. ഇതുവരെ രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. കിഴക്കന്‍ കാലിഫോര്‍ണിയയിലെ വടക്കന്‍ മൊഹാവി മരുഭൂമിയിലാണ് ഡെത്ത് വാലി. മൊഹാവിക്കും ഗ്രേറ്റ് ബേസിന്‍ എന്ന മറ്റൊരു മരുഭൂമിക്കുമിടയിലാണ് ഇതിന്റെ സ്ഥാനം. 'ടിംബിഷ' എന്ന തദ്ദേശീയ അമേരിക്കന്‍ ഗോത്രവംശജരാണ് ഇവിടത്തെ താമസക്കാര്‍. നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ധാരാളം ആളുകളെത്തുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഡെത്ത് വാലി.

Latest News