ന്യൂദല്‍ഹി- യുക്രൈന് റഷ്യ യുദ്ധത്തില്‍ റഷ്യയുടെ കൂലി പട്ടാളത്തില്‍ ചില ഇന്ത്യക്കാരെ കബളിപ്പിച്ച് ചേര്‍ത്തതായുള്ള വിവരം അറിയാമെന്നും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. യുക്രൈനുമായുള്ള റഷ്യയുടെ യുദ്ധത്തില്‍ ചില ഇന്ത്യക്കാര്‍ കുടുങ്ങിയതായി അറിയാമെന്നും അവരുടെ മോചനം സുഗമമാക്കുന്നതിന് സര്‍ക്കാര്‍ റഷ്യയുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
നിരവധി ഇന്ത്യന്‍ പൗരന്മാരെ കബളിപ്പിച്ച് റഷ്യ സൈനിക സേവനത്തിന് ഉപയോഗിച്ചതായമുള്ള റിപോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിച്ച ശേഷം ഇവരെ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നുവെന്നാണ് പുറത്ത് വരുന്നത്. കുറച്ച് ഇന്ത്യന്‍ പൗരന്മാര് റഷ്യന്‍ സൈന്യം സപോര്‍ട്ട് ജോലികള്‍ക്കായി ചേര്‍ത്തിട്ടുണ്ടെന്ന കാര്യം അറിയാം. ഇന്ത്യന്‍ എംബസി ബന്ധപ്പെട്ട റഷ്യന്‍ അധികാരികളുമായി ഈ വിഷയം പരിശോധിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കാന്‍ അഭ്യര്‍ഥിക്കുന്നതായും ഈ സംഘര്‍ഷത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുന്നതായും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്നുള്ള സുഫിയാന് എന്ന വ്യക്തിയുടെ കുടുംബം എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കൊപ്പമെത്തി ഇത്തരത്തില്‍ ഇന്ത്യക്കാര്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നതായി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാനും ഇത്തരം തട്ടിപ്പ് നടത്തിയ ഏജന്റുമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കേന്ദ്രത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇടപെടല്‍ കുടുംബം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബാബ വ്ലോഗ്സ് എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന ഫൈസല്‍ ഖാനുമായി ബന്ധപ്പെട്ട ഏജന്റുമാര്‍ നടത്തിയ വഞ്ചനാപരമായ ഇടപെടലുകള്‍ സൂഫിയാന്റെ സഹോദരന് ഇമ്രാന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ യുെ്രെകനില്‍ എത്തിപ്പെട്ട ഒമ്പത് ഇന്ത്യന്‍ പൗരന്മാര്ക്ക് അപകടം സംഭവിച്ച് പരുക്കേറ്റ് കിടക്കുന്നതായുള്ള റിപോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇത്തരത്തില്‍ ദുരിതബാധിതരായ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അസദുദ്ദീന്‍ ഉവൈസി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു.






