ന്യൂദല്‍ഹി - പഞ്ചാബ്, ഹരിയാന അതിര്‍ത്തിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 23 കാരനായ കര്‍ഷകന്‍ മരിച്ചതിനെത്തുടര്‍ന്ന് ദല്‍ഹി ചലോ മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. ദല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാവി നടപടി ഈ മാസം 29 ന് തീരുമാനിക്കുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ അറിയിച്ചു. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയും (നോണ്‍ പൊളിറ്റിക്കല്‍) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും (കെഎംഎം)യുമാണ് ഇക്കാര്യം അറിയിച്ചത്.
അതുവരെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ രണ്ട് പ്രതിഷേധ കേന്ദ്രങ്ങളായ ശംഭു, ഖനൗരി എന്നിവിടങ്ങളില്‍ കര്‍ഷകര്‍ നിലയുറപ്പിക്കുമെന്നും കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞു. ഇന്ന് പ്രതിഷേധ സൂചകമായി മെഴുകുതിരി മാര്‍ച്ചും കര്‍ഷക സെമിനാറും രണ്ട് പ്രതിഷേധ കേന്ദ്രങ്ങളിലും നടന്നു. ഈ മാസം 26ന് ലോക വ്യാപര സംഘടന, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ എന്നിവരുടെ കോലം കത്തിക്കുമെന്നും കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞു. കര്‍ഷക സംഘടനകളുടെ യോഗം തുടര്‍ച്ചയായി ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 27ന് കാര്‍ഷിക വിദഗ്ധരുമായി ആശയവിനിമയം നടത്താനും ബുധനാഴ്ച വിദഗ്ധര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള ചര്‍ച്ച എന്നിവയും നടക്കും. ഫെബ്രുവരി 29 ന് തുടര്‍ സമരങ്ങളെ കുറിച്ചുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞു.
അതേസമയം, കര്‍ഷക പ്രതിഷേധങ്ങളെ നേരിടാന്‍ തന്നെയാണ് ഹരിയാന പോലീസും സര്‍ക്കാരും തീരുമാനിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലെ ഇന്റര്‍നെറ്റ് നിരോധം രാത്രിവരെ നീട്ടി. പ്രക്ഷോഭം കനക്കുകയാണെങ്കില്‍ നിരോധം വീണ്ടും നീട്ടുമെന്നും ഹരിയാന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ദല്‍ഹി ചലോ മാര്‍ച്ച് തടയുന്നതിന്റെ ഭാഗമായി ഈ മാസം 13, 15, 17,19, 20,21 തീയതികളില്‍ ഇന്റര്‍നെറ്റ് നിരോധം നീട്ടി ഹരിയാന സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.
അതിനിടെ, ഹരിയാനയില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കര്‍ഷകനായ പ്രതിപാല്‍ സിംഗിനെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് ചീഫ് സെക്രട്ടറി ഹരിയാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. വിദഗ്ധ ചികിത്സ നല്‍കുന്നതിന് വേണ്ടി പഞ്ചാബ് സര്‍ക്കാറിന് വിട്ടുനല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹരിയാന പോലീസിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതെ മകന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് പോലീസ് നടപടിക്കിടെ കൊല്ലപ്പെട്ട 23കാരനായ കര്‍ഷകന്റെ പിതാവ് ആവര്‍ത്തിച്ചു. കര്‍ഷകരുമായി ചര്‍ച്ചക്ക് തയാറാണെന്ന കാര്യം കേന്ദ്രസര്‍ക്കാറും ആവര്‍ത്തിക്കുന്നുണ്ട്.
കര്‍ഷകരുമായി സംസാരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നംഗ മന്ത്രിമാരുടെ സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തുന്നത് തുടരുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ചര്‍ച്ചകളിലൂടെ മാത്രമേ പരിഹാരം കാണാനാകൂവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്തും വ്യക്തമാക്കി.






