Sorry, you need to enable JavaScript to visit this website.

സുധാകരന്റെ തെറിവിളി: കോൺഗ്രസ് എവിടെ നിൽക്കുന്നുവെന്നതിന്റെ തെളിവ് - മന്ത്രി പി രാജീവ്

കൊച്ചി - കോൺഗ്രസ് എവിടെയെത്തി നിൽക്കുന്നുവെന്നതിന്റെ തെളിവാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ അസഭ്യം പറഞ്ഞതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ബഹുമാന്യനായ പ്രതിപക്ഷ നേതാവെന്നാണ് ഞങ്ങളെല്ലാം വിളിക്കാറുള്ളത്. എന്നാൽ, കെ.പി.സി.സി പ്രസിഡന്റ് വിളിച്ചത് എന്താണെന്ന് എല്ലാവരും കേട്ടതാണ്. വല്ലാത്തൊരു അവസ്ഥയിലേക്കാണ് കോൺഗ്രസ് പോകുന്നതെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ സമരാഗ്നി പരിപാടിക്കിടെയുള്ള വാർത്താസമ്മേളനത്തിന് മുമ്പാണ് ക്ഷുഭിതനായി കെ സുധാകരൻ പ്രതിപക്ഷ നേതാവിനെ 'ഇയാൾ എവിടെ പോയി കിടക്കുകയാണ്?' ചോദിച്ചത്. ഇത് വാർത്തയായതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

'ഇയാൾ എവിടെ പോയി കിടക്കുകയാണ്?'; വി.ഡി സതീശനോട് നീരസം പ്രകടിപ്പിച്ച് കെ സുധാകരൻ, വിലക്കി നേതാക്കൾ
ആലപ്പുഴ -
കോൺഗ്രസിന്റെ സമരാഗ്നി പരിപാടിക്കിടെയുള്ള വാർത്താസമ്മേളനത്തിന് മുമ്പ് ക്ഷുഭിതനായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താസമ്മേളനത്തിന് വൈകിയതിലുള്ള നീരസം പരസ്യമാക്കിയായിരുന്നു സുധാകരന്റെ ഇടപെടൽ. 
 'മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷനേതാവ് എവിടെ പോയയെന്നാ'യിരുന്നു ചോദ്യം. ഇതെന്ത് മോശമാണെന്ന് സുധാകരൻ ചോദിക്കുമ്പോൾ മൈക്കും ക്യാമറയും ഓൺ ആണെന്ന് ഓർമിപ്പിച്ച് കൂടുതൽ പ്രതികരണം  ഒപ്പമുണ്ടായിരുന്ന ഷാനിമോൾ ഉസ്മാൻ അടക്കമുള്ള നേതാക്കൾ തടയുകയായിരുന്നു. 
 പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിന് എത്താൻ വൈകിയപ്പോൾ ബാബു പ്രസാദ് ഫോണിൽ വിളിച്ച് പ്രസിഡന്റ് കാത്തിരിക്കുന്ന വിവരം അറിയിച്ചിരുന്നു. എന്നാൽ സമയം പത്തുമണിയല്ല, 11 മണിയാണ് നമ്മൾ പറഞ്ഞതെന്നും 11.05ന് തുടങ്ങാമെന്ന നിലയിൽ താൻ അവിടെ എത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മുൻ ഡി.സി.സി പ്രസിഡന്റ് ഷുക്കൂർ വിളിച്ചതനുസരിച്ച് പത്രസമ്മേളനം തുടങ്ങാനാകുമ്പോഴേക്ക് ഒരു ചെസ് ടൂർണമെന്റ് പരിപാടിയിൽ പങ്കെടുക്കാനായാണ് പ്രതിപക്ഷ നേതാവ് പോയിരുന്നത്. 
 10 മണിയുടെ വാർത്താസമ്മേളനത്തിന് 10.30-ഓടെയാണ് കെ സുധാകരൻ എത്തിയത്. തുടർന്ന് 10.50 വരെ പ്രതിപക്ഷ നേതാവ് വരുന്നതിനായി അദ്ദേഹം കാത്തിരുന്നു. എന്നിട്ടും സതീശൻ എത്താതിരുന്നതോടെയാണ് 'ഇയാൾ എവിടെ പോയി കിടക്കുകയാണ് എന്നും തുടർന്ന് ഒരു അസഭ്യ വാക്കും സുധാകരൻ പറഞ്ഞത്. ഏകദേശം 11 മണിയോടെയാണ് സതീശൻ എത്തിയത്. പ്രസിഡന്റിന്റെ നീരസം മനസിലാക്കിയ സതീശൻ 11.05-നല്ലേ വാർത്താസമ്മേളനം നിശ്ചയിച്ചതെന്ന് ചോദിക്കുന്നുണ്ട്. 
 പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്തെ മൈക്ക് വിവാദം ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു വീണ്ടും ഇരുവരും തമ്മിലുള്ള സ്വരച്ചേർച്ചക്കുറവ് പ്രകടമായത്. 

Latest News