(വാഴക്കാട്) മലപ്പുറം - എടവണ്ണപ്പാറ ചാലിയാർ പുഴയിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ദുരൂഹ മരണത്തിൽ അറസ്റ്റിലായ കരാട്ടെ പരിശീലകൻ വി സിദ്ദീഖലി(43)ക്കെതിരെ കൂടുതൽ പീഡന വെളിപ്പെടുത്തലുമായി അനുഭവസ്ഥർ.
സിദ്ദീഖലി നിരന്തരം പീഡനത്തിന് ഇരയാക്കിയെന്ന് മുൻ വിദ്യാർത്ഥിനി പറഞ്ഞു. പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് ഇയാൾ ദേഹത്ത് സ്പർശിക്കുമായിരുന്നു. നെഞ്ചിൽ കൈ വെക്കുന്നത് മനസ്സറിയാൻ വേണ്ടിയാണെന്നു പറയും. അങ്ങനെ ശരീരം മുഴുവൻ അവിടെയും ഇവിടെയുമെല്ലാമായി അധ്യാപകൻ തൊടുന്ന സാഹചര്യമുണ്ടാകും. തന്റെ ശരീരത്തിൽ അധ്യാപകൻ സ്പർശിക്കാത്ത ഒരു സ്ഥലവുമില്ലെന്നും ഇവർ വെളിപ്പെടുത്തി.
സ്വന്തം മകളെ പോലെ നോക്കുമെന്ന് പറഞ്ഞാണ് ഇയാൾ മാതാപിതാക്കളുടെ വിശ്വാസം നേടുന്നത്. താൻ പരമ ഗുരുവാണെന്നും അർപണ മനോഭാവമുള്ള കുട്ടികൾക്കേ പരമഗുരുവിന്റെ സാന്നിധ്യം ലഭിക്കുകയുള്ളൂവെന്നുമാണ് ഇയാൾ പറയാറ്. ഇയാളിൽനിന്നുള്ള ദുരനുഭവങ്ങളുമായി പോലീസിൽ പരാതി നൽകിയപ്പോൾ അധ്യാപകന്റെ അഭിഭാഷകൻ പിതാവിനെ ഭീഷണിപ്പെടുത്തിയതായും അനുഭവസ്ഥ പറയുന്നു.
കോളജിൽ പഠിക്കുന്ന മകൾക്ക് എന്തെങ്കിലും സംഭവിച്ചേക്കാമെന്നും അധ്യാപകൻ കൊല്ലാൻ പോലും മടിക്കില്ലെന്നുമുള്ള ഭീഷണിയിൽ കേസ് പിൻവലിച്ചതായും മുൻ വിദ്യാർത്ഥിനികളുടെ വെളിപ്പെടുത്തലുണ്ട്. എടവണ്ണപ്പാറയിലെ പെൺകുട്ടിയുടെ മരണത്തിൽ സ്വഭാവമനുസരിച്ച് അധ്യാപകന്റെ ഇടപെടൽ ഉണ്ടായേക്കാമെന്നും വിദ്യാർത്ഥിനി ചൂണ്ടിക്കാട്ടി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് ചാലിയാറിലെ വാഴക്കാട് മപ്രം മുട്ടുങ്ങൽ കടവിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകനെതിരെ കുട്ടി പരാതിപ്പെട്ടതിനെ തുടർന്ന് കുടുംബവും പോലീസും അതിന്റെ തുടർ നടപടികളിലേക്ക് നീങ്ങുന്ന നിർണായക ഘട്ടത്തിലാണ് കുട്ടിയെ തീർത്തും അസ്വാഭാവികമായ നിലയിൽ ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ നാട്ടുകാരും കുടുംബവം ദുരൂഹത ആരോപിച്ച് രംഗത്തുവരികയുമുണ്ടായി. തുടർന്നാണ് പോക്‌സോ ചുമത്തി ഊർക്കടവ് സ്വദേശിയായ കരാട്ടെ അധ്യാപകൻ റിമാൻഡിലായത്. ഇയാൾ മോശമായി പെരുമാറിയതിനെ തുടർന്ന് മുമ്പും പോക്‌സോ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയുമുണ്ടായെന്നും പോലീസ് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി സിദ്ദീഖലിയുടെ കീഴിൽ കരാട്ടെ പരിശീലിച്ച മുഴുവൻ വിദ്യാർത്ഥികളിൽ നിന്നും മൊഴിയെടുക്കാനും കൂടുതൽ തെളിവുകൾ ശേഖരിക്കാനുമാണ് പോലീസ് നീക്കം.