ചിത്രീകരണം പൂര്‍ത്തിയായതു മുതല്‍ സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് തിയേറ്ററുകളിലെത്തി. ആദ്യ പ്രദര്‍ശനത്തിന് പിന്നാലെ വമ്പന്‍ അഭിപ്രായങ്ങളാണ് സിനിമയ്ക്ക് വരുന്നത്.
യഥാര്‍ഥമായ സംഭവത്തെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയാക്കി മാറ്റിയത്. എറണാകുളം കളമശ്ശേരിക്ക് സമീപത്തെ മഞ്ഞുമ്മലില്‍ നിന്നും 2006ല്‍ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ സംഘം ഒരു അപകടത്തില്‍ പെടുന്നതും തുടര്‍ന്നുള്ള സംഭവഗതികളുമാണ് സിനിമ പറയുന്നത്.
രണ്ടേ കാല്‍ മണിക്കൂര്‍ നേരം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താനുള്ള മികച്ച നിര്‍മാണ കൗശലം മഞ്ഞുമ്മല്‍ ബോയ്‌സില്‍ പ്രയോഗിച്ചിട്ടുണ്ട്. ജാന്‍ എ മന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സിന് അദ്ദേഹം തന്നെയാണ് തിരക്കഥയും രചിച്ചത്.
പതിനൊന്ന് യുവ താരങ്ങളെ ഒന്നിച്ച് സ്‌ക്രീനിലെത്തിച്ചു എന്നതാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ആദ്യത്തെ പ്രത്യേകത. പതിനൊന്നു പേര്‍ക്കും ഏറ്റക്കുറച്ചിലില്ലാത്ത തരത്തില്‍ വേഷം നല്‍കിയ സിനിമ ആദ്യത്തെ അരമണിക്കൂറിന് ശേഷം കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചാണ് മുന്നോട്ടു പോകുന്നത്.
ക്വാളിസില്‍ കൊടൈക്കനാലിലേക്ക് ട്രിപ് പോകുന്ന സംഘത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 11 പേരാണുള്ളത്. ഇവര്‍ തന്നെയാണ് സിനിമയില്‍ മുഴുനീളമുള്ളതും. കമല്‍ഹാസന്‍ ചിത്രമായ ഗുണ ചിത്രീകരിച്ച ഗുഹയായ ഗുണ കേവ് കാണാന്‍ പോകവെ സംഘത്തിനുണ്ടായ അപകടമാണ് കഥാപശ്ചാതലം. നേരത്തെ ബ്രിട്ടീഷുകാര്‍ ഡെവിള്‍സ് കിച്ചണ്‍ എന്നുവിളിച്ചിരുന്ന ഗുഹ പിന്നീട് ഗുണാ കേവ് എന്നറിയപ്പെടുകയും സഞ്ചാരികളെ ആകര്‍ഷിക്കുകയുമായിരുന്നു.
ഗുണാ കേവിലെ ഡെവിള്‍സ് കിച്ചണ് കൊടൈക്കനാല്‍ മലയാളം ആഴമുണ്ടെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. അതില്‍ പതിച്ച 13 പേരില്‍ ആരെയും ജീവനോടെയോ മരിച്ചോ തിരികെ കിട്ടിയിട്ടില്ല. അതിലേക്കാണ് മഞ്ഞുമ്മലില്‍ നിന്നും പോയ സംഘത്തിലെ ഒരാള്‍ പതിക്കുന്നത്.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീം കുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് മഞ്ഞുമ്മല്‍ ബോയ്‌സായി വേഷമിട്ടിരിക്കുന്നത്.
സുഷിന്‍ ശ്യാമിന്റെ സംഗീതം, ഷൈജു ഖാലിദിന്റെ ക്യാമറ, വിവേക് ഹര്‍ഷന്റെ എഡിറ്റിംഗ് തുടങ്ങിയവയും ചിദംബരത്തിന്റെ സംവിധാന മികവിനോടൊപ്പം കിടപിടിക്കുന്നുണ്ട്. സിനിമയുടെ ആര്‍ട്ട് വിഭാഗവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
സൗബിന്‍ ഷാഹിറും ബാബു ഷാഹിറും ഷോണ്‍ ആന്റണിയും ചേര്‍ന്ന് പറവ ഫിലിംസിന്റെ ബാനറിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മിച്ചത്.