Sorry, you need to enable JavaScript to visit this website.

മോഡിയെ വിമർശിച്ച ജമ്മു കശ്മീർ മുൻ ഗവർണറുടെ വീട്ടിൽ സി.ബി.ഐ റെയ്ഡ്

ന്യൂഡൽഹി - പുൽവാമയിൽ 40 ഇന്ത്യൻ സൈനികൾക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ മോഡി സർക്കാറിന്റെ സുരക്ഷാ വീഴ്ചയെ കുറ്റപ്പെടുത്തിയ ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മലികിന്റെ വീടുൾപ്പെടെയുള്ള കെട്ടിടത്തിൽ  സി.ബി.ഐ റെയ്ഡ്. 
 ജമ്മു&കശ്മീരിലെ ജലവൈദ്യുത പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മലികിന്റെ ഉടമസ്ഥതയിലുളള സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ്. 2200 കോടി രൂപയുടെ കിരു ഹൈഡ്രോ ഇലക്ട്രിക് പവർ പ്രോജക്ടുമായി (എച്ച്.ഇ.പി) ബന്ധപ്പെട്ട സിവിൽ വർക്ക് കരാർ നൽകിയതിൽ അഴിമതിയുണ്ടെന്ന കേസിലാണ് മലികിന്റേതുൾപ്പെടെയുള്ള 30 വിവിധ സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തുന്നത്.
 പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടത് സർക്കാറിന്റെ സുരക്ഷ വീഴ്ചയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇക്കാര്യം പുറത്തു മിണ്ടരുതെന്നായിരുന്നു മോഡിയുടെ നിർദേശമെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. 'സി.ആർ.പി.എഫ് വാഹനവ്യൂഹത്തിൽ ഇടിച്ചുകയറ്റാനായി പാകിസ്താനിൽനിന്നെത്തിയ കാർ 300 കിലോ ആർ.ഡി.എക്‌സുമായി 15 ദിവസത്തോളം ആരും തിരിച്ചറിയാതെ കശ്മീരിൽ കറങ്ങിയത് വൻ സുരക്ഷാവീഴ്ച്ചയാണ്. പുൽവാമയിൽ നമ്മുടെ സൈനികർക്കു നേരെ ഭീകരാക്രമണമുണ്ടായ ദിവസം വൈകീട്ട് ഉത്തരാഖണ്ഡിലെ കോർബറ്റ് ദേശീയോദ്യാനത്തിൽ ഫോട്ടോ ഷൂട്ടിലായിരുന്ന മോഡിയുമായി ഞാൻ സംസാരിച്ചിരുന്നു. നമ്മുടെ വീഴ്ചയാണ് ഭീകരാക്രമണത്തിന് കാരണമായതെന്നും ജവാന്മാരെ വിമാനത്തിൽ കൊണ്ടുപോയിരുന്നെങ്കിൽ ആക്രമണം ഒഴിവാക്കാമായിരുന്നെന്നും പ്രധാനമന്ത്രിയോട് ഫോണിൽ പറഞ്ഞുവെന്നുമായിരുന്നു മുൻ ബി.ജെ.പി നേതാവ് കൂടിയായ മലിക് വെളിപ്പെടുത്തിയത്. അപ്പോൾ ഇക്കാര്യം ഇപ്പോൾ മിണ്ടരുതെന്നായിരുന്നു മോഡിയുടെ നിർദേശം. മിണ്ടാതിരിക്കണമെന്ന് തന്റെ സഹപാഠി കൂടിയായിരുന്ന ദേശീയ സുരക്ഷ ഉപദേശകൻ അജിത് ഡോവലും പറഞ്ഞു. കുറ്റം മുഴുവൻ പാകിസ്താനെതിരെയാകുമെന്ന് മനസ്സിലാക്കിയ ഞാൻ നിശ്ശബ്ദത പാലിച്ചുവെന്നുമായിരുന്നു സത്യപാൽ മലികിന്റെ വെളിപ്പെടുത്തൽ.
  ആയിരത്തോളം ജവാന്മാരെ റോഡിലൂടെ വാഹനവ്യൂഹത്തിൽ കൊണ്ടുപോകുന്നതിന് പകരം സി.ആർ.പി.എഫ് അധികൃതർ വിമാനം ആവശ്യപ്പെട്ടിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളിയെന്നും മലിക് വ്യക്തമാക്കിയിരുന്നു. അഞ്ചു വിമാനങ്ങളാണ് സൈനികർ ആവശ്യപ്പെട്ടത്. തന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ സൗകര്യമൊരുക്കിക്കൊടുക്കുമായിരുന്നെന്നും ആഭ്യന്തരമന്ത്രാലയവും സി.ആർ.പി.എഫും പുൽവാമ സംഭവത്തിൽ തികഞ്ഞ അശ്രദ്ധ കാണിച്ചെന്നും ജമ്മു മുൻ ഗവർണർ പറഞ്ഞിരുന്നു.
 സത്യപാൽ മാലിക്കിന്റെയും മറ്റ് 29 സ്ഥലങ്ങളിലും റെയ്ഡ് നടത്തിയതായി സി.ബി.ഐ ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഡൽഹി, മുംബൈ എന്നിവയ്ക്ക് പുറമെ ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ 30 ലൊക്കേഷനുകളിലായി നൂറോളം ഉദ്യോഗസ്ഥരെ അണിനിരത്തിയാണ് രാവിലെ ഫെഡറൽ ഏജൻസി പ്രവർത്തനം ആരംഭിച്ചത്. 60 കോടി രൂപയുടെ അഴിമതി കേസിൽ സത്യപാൽ മലിക്കിന്റെ മുൻ പ്രസ് സെക്രട്ടറി സുനക് ബാലിയുടെ വീട്ടിലും സിബിഐ റെയ്ഡ് നടത്തി.
 ഗുരുഗ്രാം, ബാഗ്പത് എന്നിവിടങ്ങളിലെ ആർ.കെ പുരം, ദ്വാരക, ഡൽഹിയിലെ ഏഷ്യൻ ഗെയിംസ് വില്ലേജ് എന്നിവിടങ്ങളിൽ മലിക്കുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ പരിശോധിച്ചു. മലിക്കിന്റെ കൂട്ടാളികൾ, ചെനാബ് വാലി പവർ പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുൻ ചെയർമാൻ നവിൻ കുമാർ ചൗധരി, പട്ടേൽ എഞ്ചിനീയറിംഗ് ലിമിറ്റഡ് ഉദ്യോഗസ്ഥർ എന്നിവരുടെ സ്ഥലങ്ങളിലും പരിശോധനകൾ നടന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Latest News