മാഹീന്‍ വിഴിഞ്ഞത്തിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സിന്‍സിയരിറ്റി അവാര്‍ഡ്

മാഹീന്‍ വിഴിഞ്ഞം

ദമാം- സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സിന്‍സിയരിറ്റി അവാര്‍ഡ് മാഹീന്‍ വിഴിഞ്ഞത്തിന് ലഭിച്ചു. പൊതു പ്രവര്‍ത്തനത്തിലെ ആത്മാര്‍ഥതക്കും, സേവന മികവിനും ക്രിയാത്മക മാനത്തിനും ജനസമ്മതിക്കുമുള്ള മികവാര്‍ന്ന അംഗീകാരമായാണ് സമസ്ത ഇസ് ലാമിക് സെന്റര്‍ (എസ്.ഐ.സി) ദമാം സെന്‍ട്രല്‍ കമ്മിറ്റി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തുന്ന എസ്.ഐ.സി സിന്‍സിയരിറ്റി അവാര്‍ഡിന് അര്‍ഹനായി മാഹീന്‍ വിഴിഞ്ഞത്തെ തെരഞ്ഞെടുത്തത്. 
കോഴിക്കോട് ഖാദിയും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങള്‍ അടക്കമുള്ള പ്രമുഖ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞടുത്തത്. കാല്‍ നൂറ്റാണ്ടിലധികമായി സൗദി അറേബ്യയിലെ പ്രവാസികള്‍ക്കിടയില്‍ സമസ്ത, കേരള മുസ് ലിം കള്‍ച്ചറല്‍ സെന്റര്‍, തിരുവനന്തപുരം സി.എച്ച് സെന്റര്‍ മുതലായ സംഘടനകളിലൂടെ അദ്ദേഹം നടത്തിയ ആത്മാര്‍ഥ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രസ്തുത അവാര്‍ഡിന് അര്‍ഹത നേടിയതെന്ന് ജൂറി പാനല്‍ അറിയിച്ചു.
കിഴക്കന്‍ സൗദിയിലെ മത സാമൂഹ്യ രംഗത്ത് സുപരിചിതനായ അദ്ദേഹത്തിന്റെ പൊതുരംഗത്തെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. അമ്പത്തൊന്നായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് ആദ്യ വാരത്തില്‍ ദമാമില്‍ നടക്കുന്ന പൊതു പരിപാടിയില്‍ വെച്ച് അദ്ദേഹത്തിന് സമ്മാനിക്കുമെന്ന് എസ്.ഐ.സി ദമാം സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Tags

Latest News