Sorry, you need to enable JavaScript to visit this website.

ജയില്‍വാസവും പിഴയും ഒഴിവായി; ദുബായില്‍ മലയാളി യുവാവിന് ആശ്വാസം

ദുബായ്-യു.എ.ഇയിലെ ദുബായില്‍ ജോര്‍ദാന്‍ സ്വദേശിയായ തൊഴിലുടമ നല്‍കിയ കേസില്‍ മലയാളി യുവാവിനെ കോടതി കുറ്റവിമുക്തനാക്കി.  കണ്ണൂര്‍ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനില്‍ ദിനേശി(29)നാണ് ദുബായ് ക്രിമിനല്‍ കോടതിയില്‍നിന്ന ആശ്വാസ വിധി ലഭ്യമായത്.
മുന്‍ ജീവനക്കാരന്‍ ചെയ്ത വഞ്ചനാ കുറ്റത്തിന് കൂട്ടുനിന്നതായി ആരോപിച്ചാണ് ദുബായിലെ പ്രമുഖ ഓട്ടോമേഷന്‍ കമ്പനി നല്‍കിയ കേസില്‍ ദിനിലിനെ പ്രതി ചേര്‍ത്തിരുന്നത്.
കമ്പനിയിലെ മുന്‍ ജീവനക്കാരനായ ബാംഗ്ലൂര്‍ സ്വദേശിയുമൊത്ത് കമ്പനിയെ കബളിപ്പിച്ചു ഡൂ ടെലികമ്മ്യുണിക്കേഷനില്‍ നിന്ന് വിലയേറിയ ഫോണ്‍ കൈപറ്റി ഇരുവരും കമ്പനിയെ വഞ്ചിച്ചു എന്ന് ഉന്നയിച്ചാണ് തൊഴിലുടമ ദിനില്‍ ഉള്‍പ്പടെ ഇരുവര്‍ക്കുമെതിരെ ജബല്‍ അലി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഉണ്ടായ നിയമ നടപടികളില്‍ ദിനില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഒന്നര ലക്ഷം ദിര്‍ഹം (33 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയും മൂന്ന് മാസം തടവും ശേഷം നാട് കടത്താനും ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി വിധിച്ചു.

ഇതോടെ പ്രതിസന്ധിയിലായ ദിനില്‍ യുഎഇയിലെ ഒട്ടനവധി നിയമസ്ഥാപനങ്ങളെ സമീപിച്ചെങ്കിലും ഭീമമായ വക്കീല്‍ ഫീസിനെ തുടര്‍ന്ന് കേസ് നടത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടി. ശേഷം യാബ് ലീഗല്‍ സര്‍വീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം സൗജന്യ നിയമസഹായത്തിലൂടെ അപ്പീല്‍ കോടതി മുഖാന്തിരം നടത്തിയ നിയമ മുന്നേറ്റത്തിലാണ് ദിനില്‍ കുറ്റവിമുക്തനായത്.

 

Latest News