ഹെയ്തി പ്രസിഡന്റിന്റെ വധത്തില്‍ ഭാര്യക്കെതിരെയും കുറ്റപത്രം

പോര്‍ട്ട് ഓ പ്രിന്‍സ്- ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോയ്സിന്റെ കൊലപാതകത്തില്‍ പങ്കാളികളായ നിരവധി കുറ്റവാളികള്‍ക്കൊപ്പം പ്രസിഡന്റിന്റെ ഭാര്യക്കെതിരെയും കുറ്റം. 2021ലാണ് പ്രസിഡന്റിനെ വധിച്ചത്.

പ്രസിഡന്റ് ജോവനല്‍ മോയ്സിന്റെ വിധവയും മുന്‍ പ്രധാനമന്ത്രിയും ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ അന്വേഷണ ചുമതലയുള്ള ഹെയ്തിയന്‍ ജഡ്ജി കുറ്റം ചുമത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന രേഖയില്‍ പറയുന്നു.

പ്രസിഡന്റിനെ കൊലപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ഭാര്യ മാര്‍ട്ടിന്‍ മോയ്‌സ് മുന്‍ പ്രധാനമന്ത്രി ക്ലോഡ് ജോസഫുമായി ഗൂഢാലോചന നടത്തിയെന്ന് ജഡ്ജി വാള്‍തര്‍ വെസര്‍ വോള്‍ട്ടയര്‍ കണ്ടെത്തിയതായി അയിബോപോസ്റ്റ് പരസ്യമാക്കിയ 122 പേജുള്ള രേഖകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2021 ജൂലൈ 7-ന് രാത്രി പോര്‍ട്ട്-ഓ-പ്രിന്‍സിലെ പ്രസിഡന്റിന്റെ വസതിയിലെ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറിയ ആയുധധാരികള്‍ ജോവനല്‍ മോയ്സിനെ വെടിവെച്ചുകൊല്ലുകയായിരുന്നു. ആക്രമണത്തില്‍ മുന്‍ പ്രഥമ വനിതയായ മാര്‍ട്ടിന്‍ മോയ്‌സിനും പരിക്കേറ്റു.

കുറ്റം ചുമത്തപ്പെട്ടവരെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നും ജഡ്ജിയുടെ ഉത്തരവിട്ടു. രാഷ്ട്രീയമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മോയ്സ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചു.

Latest News