ദോഹ-ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ സമാപന ചടങ്ങിനിടെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലയണല്‍ മെസ്സിയെ പരമ്പരാഗത ബിഷ്റ്റില്‍ അണിയിച്ച അവിസ്മരണീയ നിമിഷം കൂറ്റന്‍ ചുവര്‍ചിത്രത്തില്‍ അനശ്വരമാക്കി. ഈ രംഗത്തെ അസാധാരണമായ പ്രവര്‍ത്തനത്തിന് പേരുകേട്ട പ്രശസ്ത അര്‍ജന്റീനിയന്‍ ചുവര്‍ചിത്രകാരന്‍ മാര്‍ട്ടിന്‍ റോണ്‍, പ്രമുഖ ഖത്തറി കലാകാരനായ മുബാറക് അല്‍ മാലിക്കുമായി ചേര്‍ന്നാണ് ഈ ഐതിഹാസിക നിമിഷത്തിന് ജീവന്‍ നല്‍കിയത്.
ബര്‍വ റിയല്‍ എസ്റ്റേറ്റിന്റെ പിന്തുണയോടെ, വെറും എട്ട് ദിവസം കൊണ്ടാണ് മ്യൂറല്‍ പൂര്‍ത്തിയാക്കി, ആകര്‍ഷകമായ ഒരു ചിത്രത്തില്‍ പകര്‍ത്തിയ രണ്ട് സംസ്‌കാരങ്ങളുടെ തടസ്സമില്ലാത്ത സംയോജനം പ്രദര്‍ശിപ്പിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
'മാജിക് നൈറ്റ് അറ്റ് ലുസൈല്‍ സ്റ്റേഡിയം' എന്ന് പേരിട്ടിരിക്കുന്ന ചുവര്‍ചിത്രം അല്‍ വക്രയിലാണ് അനാഛാദനം ചെയ്തത് . 11 മീറ്റര്‍ ഉയരവും 27 മീറ്റര്‍ നീളവുമുള്ള, ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പ്രൊഫഷണല്‍ ചുമര്‍ചിത്രമാണിത്.
''ഞങ്ങള്‍ ദിവസം മുഴുവന്‍ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ പെയിന്റ് ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ഓര്‍മ്മിക്കപ്പെടുന്ന ഫോട്ടോകളില്‍ ഒന്നായി ഈ ചുവര്‍ചിത്രം മാറുമ്പോള്‍ ഏറെ ചാരിതാര്‍ഥ്യം തോന്നുന്നുവെന്ന് കലാകാരന്മാര്‍ പറഞ്ഞു.