നിയമവിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ  ഭീഷണി സമരം അവസാനിപ്പിച്ചു

ഇടുക്കി - നീണ്ട ഒമ്പതര  മണിക്കൂര്‍ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ തൊടുപുഴയിലെ നിയമവിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ഭീഷണി സമരം അവസാനിപ്പിച്ചു. തൊടുപുഴ കോഓപ്പറേറ്റീവ് കോളേജ് ഓഫ് ലോയിലെ പെണ്‍കുട്ടികളടക്കമുള്ള 30ഓളം വിദ്യാര്‍ഥികള്‍  കോളേജ് കെട്ടിടത്തിന്റെ മുകളില്‍ ചൊവ്വ വൈകിട്ടു 3 മുതല്‍ നടത്തിയ സമരമാണ്  ബുധന്‍ പുലര്‍ച്ചെ 12.30ഓടെ അവസാനിപ്പിച്ചത്.  സബ് കളക്ടര്‍ എത്തി മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ അംഗീകരിക്കുകയായിരുന്നു.   സഹകരണ സംഘത്തിനു കീഴിലുള്ള കോളേജില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തും. മാര്‍ക്ക് ദാന വിവാദം യൂണിവേഴ്‌സിറ്റി സമിതി അന്വേഷിക്കും. സസ്‌പെന്‍ഷനിലായ  ഏഴു വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കും. ഇവര്‍ക്കെതിരായ റാഗിംഗ് പരാതി നിയമപരമായി പരിശോധിക്കും. പ്രിന്‍സിപ്പാലിനെതിരെയുള്ള പരാതിയും സര്‍വകലാശാല സമിതി പരിശോധിക്കും എന്നീ ഉറപ്പുകളാണ് സബ് കളക്ടര്‍ നല്‍കിയത്.      എല്‍എല്‍ബി ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പുറത്ത് വന്നതോടെയാണ് മാനേജ്മെന്റിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. മതിയായ യോഗ്യതയില്ലാത്ത ഒരു കുട്ടിക്ക് അധ്യാപകര്‍ അധിക മാര്‍ക്ക് നല്‍കിയെന്ന ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസമാണ് ഇവിടെ സമരം ആരംഭിച്ചത്.
50 ശതമാനത്തില്‍ കുറവ് ഹാജരുള്ള വിദ്യാര്‍ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് ഏകദേശം പൂര്‍ണമായും നല്‍കി റാങ്ക് നേടാന്‍ സഹായിച്ചുവെന്നാണ് പ്രധാന ആരോപണം. പിന്നാലെ പ്രതിഷേധിച്ച ഏഴ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്ത് റാഗിംഗ് കേസെടുക്കുകയും ചെയ്തു.  ഡീന്‍ കുര്യാക്കോസ് എം പി കോളേജില്‍ എത്തി സമരക്കാരുമായി സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.  മൂന്ന് നില മന്ദിരത്തിനു മുകളിലാണ് സമരക്കാര്‍ നിലയുറപ്പിച്ചത് എന്നതിനാല്‍ മുറ്റത്ത് സുരക്ഷ വല വിരിച്ചു അഗ്‌നിരക്ഷ സേന നിലയുറപ്പുച്ചിരുന്നു. തൊടുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസും സംഘവും സ്ഥലത്തുണ്ടായിരുന്നു

Latest News