18 വര്‍ഷത്തെ ജയില്‍വാസം; ദുബായില്‍ ഇന്ന് രണ്ട് പ്രവാസികള്‍ മോചിതരാകുന്നു

ദുബായ്- യു.എ.ഇയില്‍ 18 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന രണ്ട് തെലങ്കാന സഹോദരങ്ങളെ ഇന്ന് മോചിപ്പിക്കും. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സഹോദരങ്ങളായ ശിവരാത്രി മല്ലേശം, ശിവരാത്രി രവി എന്നിവരാണ് ഇന്ന് പുറത്തിറങ്ങുന്നത്. ഇവര്‍ക്കു
പുറമെ തെലങ്കാന രാജാനന സിര്‍സില്ല ജില്ലക്കാരായ നാമ്പള്ളി വെങ്കിടി, ദുണ്ടിഗല്‍ ലക്ഷ്മണന്‍, ജഗ്തിയാല്‍ സ്വദേശി ശിവരാത്രി ഹനുമന്ത് എന്നിവരെയാണ് കൊലപാതകക്കേസില്‍ ജയിലിലടച്ചിരുന്നത്.
മോചിപ്പിക്കുന്ന ശിവരാത്രി മല്ലേശത്തെയും രവിയേയും ഇന്നു തന്നെ  ഇന്ത്യയിലേക്ക് നാടുകടത്തും. ശിവരാത്രി ഹനുമന്ത് വെള്ളിയാഴ്ച പുറത്തിറങ്ങി ഇന്ത്യയിലേക്ക് മടങ്ങിയതായി  തെലങ്കാന എന്‍ആര്‍ഐ സംഘടനയായ ജിഡബ്ല്യുടിസിഎ പ്രസിഡന്റ് ജുവ്വാദി ശ്രീനിവാസ് റാവു ദുബായില്‍ പറഞ്ഞു.
2006ല്‍ ദുബായില്‍ നേപ്പാള്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് ആറ് തെലങ്കാന പ്രവാസികള്‍ ശിക്ഷിക്കപ്പെട്ടത്. ജഗ്തിയാല്‍ ജില്ലയിലെ സയ്യിദ് കരീമിനെ 10 വര്‍ഷത്തെ തടവിനുശേഷം മോചിപ്പിക്കുകയും ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്തിരുന്നു. അഞ്ച് മാസം മുമ്പാണ് ദുണ്ടിഗല്‍ ലക്ഷ്മണനെ മോചിപ്പിച്ച് നാട്ടിലേക്ക് തിരിച്ചയച്ചത്.
ഇവര്‍ കൊലപ്പെടുത്തിയ നേപ്പാള്‍ സ്വദേശിയുടെ  കുടുംബം ഒരു ദശാബ്ദം മുമ്പ് തന്നെ മാപ്പ് നല്‍കിയിരുന്നെങ്കിലും തെലങ്കാന സ്വദേശികള്‍  ചില നിയമപരമായ കാരണങ്ങളാല്‍ ജയിലില്‍ കഴിയുകയായിരുന്നു.

 

Latest News