ഒമ്പതു വര്‍ഷമായി ശമ്പള വര്‍ധനയില്ല, അലവന്‍സുമില്ല; ജീവനക്കാരന് സൗദി മന്ത്രാലയത്തിന്റെ മറുപടി

റിയാദ്-ഒമ്പത് വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്ന തനിക്ക്  ശമ്പള വര്‍ധനയോ അലവന്‍സുകളോ ഇല്ലെന്ന ജീവനക്കാരന്റെ പരാതിക്ക് മാനവ വിഭവശേഷി മന്ത്രാലയം മറുപടി നല്‍കി.
ശമ്പളവും അലവന്‍സുകളും തൊഴില്‍ കരാറിന്റെയോ തൊഴില്‍ സ്ഥാപനത്തിന്റെ ബൈലോയുടെയോ അടിസ്ഥാനത്തില്‍ രണ്ട് കക്ഷികളും തമ്മിലുള്ള കരാറിന് വിധേയമാണെന്ന് മന്ത്രാലയം അറിയിച്ചു.
പ്രവാസി തൊഴിലാളികളുടെ വലിയ കേന്ദ്രമായി വീണ്ടും സൗദി അറേബ്യ മാറുകയാണ്. തൊഴില്‍ വിപണിയെ നിയന്ത്രിക്കാനും ആകര്‍ഷണീയതയും മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കാനും അധികൃതര്‍ വിപുലമായി നടപടികളാണ് സ്വീകരിച്ചുവരുന്നത്.
സ്വകാര്യ മേഖലയിലെ ഒരു തൊഴിലാളിക്ക് ഒരേ സമയം രണ്ട് ജോലികള്‍ ചെയ്യാന്‍ കഴിയുമെന്ന് കഴിഞ്ഞ നവംബറില്‍ സൗദി ലേബര്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
തൊഴിലാളിയുടെ തൊഴില്‍ കരാറും തൊഴില്‍ സ്ഥാപനത്തിന്റെ ബൈലോകളും പരിശോധിച്ച് അവര്‍ക്ക് രണ്ട് ജോലികള്‍ ചെയ്യുന്നതിന് വിലക്കുണ്ടോ എന്ന കാര്യ ഉറപ്പാക്കണമെന്നും അധികൃതര്‍ സൂചിപ്പിച്ചിരുന്നു.
2023 ന്റെ ആദ്യ പാദത്തില്‍ ജീവനക്കാരുടെ കരാറുകളുടെ 20 ശതമാനവും രണ്ടാം പകുതിയില്‍ 50 ശതമാനവും മൂന്നാം പാദത്തില്‍ 80 ശതമാനവും ക്വിവ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയം കഴിഞ്ഞ വര്‍ഷം നിര്‍ദേശിച്ചിരുന്നു.
തൊഴിലുടമയുടെ സമ്മതമില്ലാതെ തന്നെ കരാര്‍ അവസാനിക്കുമ്പോള്‍ തൊഴില്‍ മാറാന്‍ പ്രവാസി തൊഴിലാളികളെ അനുവദിക്കുന്നുമുണ്ട്.
അപേക്ഷ നല്‍കിയാല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ എക്‌സിറ്റ്, റീഎന്‍ട്രി വിസയില്‍ സൗദി അറേബ്യക്ക് പുറത്തേക്ക് യാത്ര ചെയ്യാനും ഇപ്പോള്‍ തൊഴിലാളികള്‍ക്ക് അനുവാദമുണ്ട്.

 

Latest News