പി. മോഹനനെതിരെ സുപ്രിം കോടതിയില്‍ പോവുമെന്ന് ആര്‍. എം. പി നേതാവ് എന്‍. വേണു

കോഴിക്കോട്- ടി. പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി. പി. എം കോഴിക്കോട് ജില്ലാ സെക്രട്ടറിയെ പ്രതിചേര്‍ക്കാന്‍ സുപ്രിം കോടതിവരെ പോകുമെന്ന് ആര്‍. എം. പി. ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു. കേസില്‍ രണ്ടുപേരെക്കൂടി പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേണു.

പ്രതികളുടെ ശിക്ഷ ശരിവെക്കുകയും ഗൂഢാലോചനയില്‍ പങ്കാളികളായ രണ്ടു പേര്‍ക്ക് ശിക്ഷ വിധിക്കുകയും ചെയ്ത ഹൈക്കോടതി വിധി സി. പി. എമ്മിന്റെ ഫാഷിസ്റ്റ് നേതൃത്വത്തിന് പാഠമാണ്. സി. പി. എമ്മിന്റെ ഉന്നത നേതൃത്വം ഗൂഢാലോചന നടത്തിയാണ് ചന്ദ്രശേഖരനെ കൊന്നതെന്ന് ഹൈക്കോടതി വിധി ശരിവെച്ചിരിക്കുകയാണ്. പി. മോഹനന്‍ അടക്കം ശിക്ഷയില്‍ നിന്ന് ഒഴിവായെങ്കിലും തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞു നില്‍ക്കുന്നവരെക്കൂടി കേരളീയ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരണം. അതിനു വേണ്ടി ആര്‍. എം. പി. ഐ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും എന്‍. വേണു പറഞ്ഞു.

ഗൂഢാലോചന സി. ബി. ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതിയിലുണ്ട്. അക്കാര്യത്തിലും തീരുമാനം ഉടനെ വരും എന്നാണ് കരുതുന്നത്. ഹൈക്കോടതിയിലെ പ്രമുഖരായ വക്കീലമാരെ  ലക്ഷങ്ങള്‍ നല്‍കി സി. പി. എം നേതൃത്വം അണിനിരത്തിയിട്ടും അവര്‍ക്ക് ക്രിമിനലുകളെ രക്ഷിക്കാനായില്ല. 

എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളി പണക്കൊഴുപ്പിന്റെ ഹുങ്കുകൊണ്ട് നീതി വ്യവസ്ഥയെ വിലക്ക് വാങ്ങി കേരളം അടക്കി ഭരിക്കാമെന്ന പിണറായി വിജയന്റെ അഹങ്കാരത്തിനേറ്റ പ്രഹരമാണ് ടി. പി കേസ് വിധിയെന്നും എന്‍. വേണു പറഞ്ഞു.

Latest News