ഷാര്‍ജയില്‍ കാണാതായ മലയാളി കൗമാരക്കാരനെ ദുബായ് എയര്‍പോര്‍ട്ടില്‍ കണ്ടെത്തി

ഷാര്‍ജ-യു.എ.ഇയിലെ ഷാര്‍ജയില്‍ കഴിഞ്ഞ ദിവസം കാണാതായ ഓട്ടിസം ബാധിതനായ മലയാളി കൗമാരക്കാരനെ കണ്ടെത്തി. ഷാര്‍ജ അല്‍ ബതീനയില്‍ താമസിക്കുന്ന ജെബി തോമസിന്റെ മകന്‍ ഫെലിക്‌സി(18)നെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്  കണ്ടെത്തിയത്.
വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് വിവരം നല്‍കിയതെന്ന്  അറിയിച്ചു. ശനിയാഴ്ച രാത്രി 8.45ന് ഷാര്‍ജ സിറ്റി സെന്ററില്‍ മാതാവിനും സഹോദരിക്കും ഷോപ്പിങ് നടത്തുന്നതിനിടയിലാണ് ഫെലിക്‌സിനെ കാണാതായത്.
ഫെലിക്‌സ് സുരക്ഷിതനാണെന്നും വളരെ ക്ഷീണിതനാണെന്നും ഷാര്‍ജയിലെ കുവൈത്ത് ഹോസ്പിറ്റലില്‍ നിന്ന് പിതാവ് അറിയിച്ചു. കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് ഷാര്‍ജ പോലീസ് കേസ് ഫയല്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. കുടുംബം സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതും കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചു.
കുവൈത്തിലേക്ക് പോകുകയായിരുന്ന  മലയാളിയാണ് ഫെലിക്‌സിനെ  തിരിച്ചറിഞ്ഞത്. സോഷ്യല്‍ മീഡിയ പോസ്റ്റ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പിതാവിനെ ബന്ധുപ്പെടുകയായിരുന്നു.
ഷാര്‍ജയിലായിരുന്ന ജെബി തോമസും ഭാര്യയും ആശുപത്രിയിലെത്തി. മകനെ കണ്ടെത്താന്‍ സഹായിച്ച യാത്രക്കാരനും അവനെ തിരയാന്‍ സഹായിച്ച എല്ലാവര്‍ക്കും പിതാവ് നന്ദി പറഞ്ഞു.

 

Latest News