Sorry, you need to enable JavaScript to visit this website.

ഷോര്‍ട്‌സ് ധരിച്ചെന്ന് കരുതി  മോശം സ്ത്രീയാകില്ല-കനിഹ

ചെന്നൈ-ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കനിഹ. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. മലയാളത്തിലും തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായ താരമാണ് കനിഹ. മലയാളത്തില്‍ ഭാഗ്യദേവത, പഴശിരാജ, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങീ സിനിമകളിലൂടെ മികച്ച പ്രകടനമാണ് കനിഹ കാഴ്ച്ചവെച്ചത്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചും ബോഡി ഷെയ്മിംഗിനെ കുറിച്ചും സംസാരിക്കുകയാണ് കനിഹയിപ്പോള്‍.
നെഗറ്റീവ് കമന്റുകള്‍ ആത്മവിശ്വാസത്തെ തകര്‍ക്കുമെന്നും വേദനിപ്പിക്കുന്നതാണെന്നും കനിഹ പറയുന്നു. അമ്പലത്തില്‍ പോകുമ്പോഴും ബീച്ചില്‍ പോകുമ്പോഴും എന്താണ് ധരിക്കേണ്ടതെന്ന് തനിക്കറിയാം. ഷോര്‍ട്‌സ് ധരിച്ചെന്ന് കരുതി മോശം സ്ത്രീയാകില്ലെന്നും കനിക പറയുന്നു. ഒരു യൂട്യൂബ് ചാനലിനോടാണ് കനിഹയുടെ പ്രതികരണം.

കനിഹയുടെ വാക്കുകള്‍ ഇങ്ങനെ

'അത്തരം കമന്റുകള്‍ ആത്മാവിശ്വാസത്തെ തകര്‍ക്കും, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരം ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഹോര്‍മോണും പ്രെഗ്‌നന്‍സിയുമൊക്കെയായി. ആര്‍ത്തവത്തിന് മുമ്പ് ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. തന്റെ ശരീരത്തിലെ മാറ്റങ്ങളില്‍ സ്ത്രീയ്ക്ക് നിയന്ത്രണം കാണില്ല. അതിനാല്‍ അപ്പിയറന്‍സിനെപ്പറ്റി തന്നെ കമന്റ് ചെയ്തു കൊണ്ടിരുന്നാല്‍ അത് വേദനിക്കും.മോശം കമന്റുകള്‍ നേരത്തെ ഡിലീറ്റ് ചെയ്യുമായിരുന്നു. പിന്നെ തൊലിക്ക് കട്ടി വച്ചു. ഒരു ഘട്ടം കഴിഞ്ഞതോടെ എന്നെ ബാധിക്കാതായി. ആരോ ഏതോ ഐഡിയില്‍ ഒളിച്ചിരുന്ന ഇടുന്ന കമന്റിന് ഞാനൊരു മറുപടി നല്‍കി എന്തിനാണ് അവരെ വളര്‍ത്തുന്നത്. കൂടുതലും വൃത്തികെട്ട കമന്റുകളാണ്. ശരീരഭാഗങ്ങളെക്കുറിച്ച് സംസാരിക്കുന്നതാണ്. ഞാന്‍ അതിനെയെല്ലാം അവഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടക്കത്തില്‍ വല്ലാതെ വേദനിച്ചിരുന്നു.
നിങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്കുള്ളതൊക്കെ തന്നെയല്ലേ എനിക്കുമുള്ളത്. പക്ഷെ ഇപ്പോള്‍ അതെല്ലാം അവഗണിക്കാന്‍ പഠിച്ചു. സ്ത്രീയെന്ന നിലയിലും നടി എന്ന നിലയിലും വല്ലാതെ ബാധിച്ചിരുന്നു. എന്നാലിന്ന് അതിനോടൊക്കെ യൂസ്ഡ് ആയി. പഴകിപ്പോയി. അവരെ മാറ്റാനാകില്ല. ആകെ സാധിക്കുക കമന്റുകള്‍ ഡിലീറ്റാക്കുക എന്നത് മാത്രമാണ്.
ഒരു സ്ത്രീ, നടി എന്ന നിലയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ എന്തുതരം കമന്റുകളായിരിക്കും വരിക എന്നെനിക്ക് ബോധ്യമുണ്ട്. ഷോര്‍ട്സ് ഇട്ട് ഫോട്ടോ പോസ്റ്റ് ചെയ്താല്‍ സെക്സി ലെഗ്സ് എന്നായിരിക്കും കമന്റ്. അതിനെയൊക്കെ നോക്കി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല. പിന്നെ ഞാന്‍ സാരിയുടുത്ത ചിത്രം പോസ്റ്റ് ചെയ്താലും അവര്‍ കമന്റ് ചെയ്യും. അവര്‍ക്കങ്ങനെ വേര്‍തിരിവൊന്നുമില്ല.
അങ്ങനെയുള്ള അവരെ ബോധ്യപ്പെടുത്തി ജീവിക്കാന്‍ നോക്കിയാല്‍ എനിക്ക് എന്റെ ജീവിതമാകും നഷ്ടപ്പെടുക. ഞാന്‍ ബീച്ചില്‍ പോയപ്പോള്‍ ഷോര്‍ട്ട്സ് ധരിച്ച ചിത്രം പോസ്റ്റ് ചെയ്തിരുന്നു. നിങ്ങളൊരു അമ്മയല്ലേ, ഇങ്ങനെയുള്ള വസ്ത്രമാണോ ധരിക്കുന്നത് എന്നായിരുന്നു കമന്റ്. നിങ്ങളെ ഹോംലി ആയിട്ടാണ് കണ്ടതെന്നാണ് പറയുന്നത്. ആദ്യം തന്നെ പറയട്ടെ, എന്നെ ഹോംലി ആയി കാണാന്‍ ഞാന്‍ പറഞ്ഞിട്ടില്ല.
ഷോര്‍ട്സ് ധരിച്ചെന്ന് കരുതി മോശം സ്ത്രീയാകില്ല. ബീച്ചില്‍ പോകുന്നതു കൊണ്ടാണ് ഷോര്‍ട്സ് ഇട്ടത്. അതാണ് പോസ്റ്റ് ചെയ്തത്. അത് എന്റെ ഇഷ്ടമാണ്. സഭ്യതയുടെ അതിര് ഞാന്‍ ഒരിക്കലും മറി കടക്കില്ല. അമ്പലത്തില്‍ പോകുമ്പോള്‍ എന്ത് ധരിക്കണമെന്ന് എനിക്കറിയാം.- കനിഹ പറഞ്ഞു.

Latest News