ന്യൂദൽഹി- കേരളത്തിൽ ഉൾപ്പടെ മഴയിലും പ്രളയക്കെടുതികളിലും രാജ്യത്ത് 1400 പേരുടെ ജീവൻ നഷ്ടപ്പെട്ടെന്ന് കേന്ദ്ര സർക്കാർ. കേരളത്തിൽ മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 488 പേർ മരിച്ചുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ എമർജൻസ് റെസ്‌പോൺസ് സെന്ററിന്റെ കണക്കുകൾ പ്രകാരം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിൽ കേരളത്തിലെ 14 ജില്ലകളിലായി 54.11 ലക്ഷം ആളുകളെ ഗുരുതരമായി ബാധിച്ചു. 14.52 ലക്ഷത്തോളം ആളുകളുടെ ജീവിതം ദുരിതാശ്വാസ ക്യാമ്പുകളിലായി. 15 പേരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി കാണാതാകുകയും ചെയ്തു. 57,024 ഹെക്ടറിൽ വ്യാക കൃഷിനാശവും ഉണ്ടായി.
മഴക്കെടുതികളിൽ പെട്ട് ഉത്തർപ്രദേശിൽ 254 പേർ മരിച്ചു. പശ്ചിമബംഗാൾ 210, കർണാടകയിൽ 170, മഹാരാഷ്ട്രയിൽ 139, ഗുജറാത്ത് 52, ആസാമിൽ 50, ഉത്തരാഖണ്ഠിൽ 37, ഒഡീഷയിൽ 29, നാഗാലാൻഡിൽ 11 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്ക്. കേരളം ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആകെ 43 പേരെയാണ് കാണാതായിരിക്കുന്നത്.