ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യത വിരളം, മധ്യസ്ഥ ശ്രമം തുടരുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി

ഗാസ- തെക്കന്‍ ഗാസയിലെ റഫയില്‍ ഇസ്രായില്‍ അധിനിവേശം നടത്താന്‍ തയാറെടുക്കുമ്പോള്‍ ഇസ്രായിലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരാന്‍ സാധ്യതയില്ലെങ്കിലും മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി പറഞ്ഞു.

ഹമാസിനും ഇസ്രായിലിനും വിരുദ്ധമായ വീക്ഷണങ്ങള്‍ ഉള്ളതിനാല്‍ യു.എസിലെയും ഈജിപ്തിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ചര്‍ച്ചകള്‍ ഫലം കാണുന്നതില്‍ പരാജയപ്പെട്ടു.

'കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ രീതി ശരിക്കും പ്രതീക്ഷ നല്‍കുന്നതല്ല, പക്ഷേ ... ഞങ്ങള്‍ എല്ലായ്‌പ്പോഴും ശുഭാപ്തിവിശ്വാസികളായി തുടരും, എല്ലായ്‌പ്പോഴും മുന്നോട്ട് പോകും,' ഖത്തറിന്റെ വിദേശകാര്യ മന്ത്രി കൂടിയായ ശൈഖ് മുഹമ്മദ് മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തില്‍ പറഞ്ഞു.

താത്കാലിക വെടിനിര്‍ത്തലും തടവുകാരെ കൈമാറ്റവും ഉള്‍പ്പെടെയുള്ള മുന്‍ കരാറിനേക്കാള്‍ വളരെ വലുതാണ് നിര്‍ദിഷ്ട കരാറിന്റെ വ്യാപ്തി എന്നതിനാല്‍, വെല്ലുവിളികള്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായില്‍ ഗാസയില്‍നിന്ന് പിന്‍വാങ്ങാനും കൂടുതല്‍ മാനുഷിക സഹായം അനുവദിക്കാനും ഹമാസ് ആഗ്രഹിക്കുന്നു, എന്നാല്‍ ടെല്‍ അവീവ് അതിനെ വ്യാമോഹമെന്ന് വിശേഷിപ്പിക്കുന്നു- അദ്ദേഹം പറഞ്ഞു.

'വിയോജിപ്പിന്റെ പ്രധാന പോയിന്റ് നെതന്യാഹുവും അദ്ദേഹത്തിന്റെ കളികളുമാണ്. ക്രമീകരണങ്ങളോ കരാറുകളോ ഉണ്ടാകാതിരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത് വ്യക്തമാണെന്ന് ഹമാസിന്റെ മുതിര്‍ന്ന വക്താവ് ഒസാമ ഹംദാന്‍ പറഞ്ഞു.

 

Latest News