ബി.ജെ.പിയെ വെട്ടിലാക്കാന്‍ ജാര്‍ഖണ്ഡും; ബിഹാര്‍ മാതൃകയില്‍ ജാതി സര്‍വേ പ്രഖ്യാപിച്ചു

റാഞ്ചി- ബിഹാറിന്റെ മാതൃകയില്‍ ജാര്‍ഖണ്ഡിലും ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയ്ക്ക് അനുമതി നല്‍കി മുഖ്യമന്ത്രി ചമ്പായ് സോറന്‍. കരട് തയ്യാറാക്കി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം നടപടികള്‍ ആരംഭിക്കും.
ജാര്‍ഖണ്ഡില്‍ സര്‍വേ നടത്തുന്നതിന് പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മാര്‍ഗരേഖ തയ്യാറാക്കുമെന്നും മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിനയ് കുമാര്‍ ചൗബെ പിടിഐയോട് പറഞ്ഞു. അയല്‍ സംസ്ഥാനമായ ബിഹാറിന്റെ മാതൃകയിലായിരിക്കും ജാതി സര്‍വേ നടക്കുക.
ജാതി സെന്‍സസ് നടത്താനുളള പ്രതിപക്ഷത്തിന്റെ നീക്കം ബി.ജെ.പിയെ വെട്ടിലാക്കിയിട്ടുണ്ട്. ജാതിയുടെ പേരില്‍ ഭിന്നിപ്പിന് ശ്രമിക്കുകയാണെന്നാണ് ബി.ജെ.പിയും ഭരണപക്ഷവും കുറ്റപ്പെടുത്തുന്നത്. ജാതി സര്‍വേയോട് ബിജെപി പുറം തിരിഞ്ഞാണ് നില്‍ക്കുന്നതെങ്കിലും എന്‍ഡിഎ ഘടകകക്ഷികള്‍ സെന്‍സസിനായി ശക്തമായ വാദമാണ് ഉയര്‍ത്തുന്നത്.
അടുത്തിടെ തെലങ്കാന സര്‍ക്കാരും ജാതി സെന്‍സസ് നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. രാജസ്ഥാനില്‍ മുന്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരും ജാതി സെന്‍സസ് പ്രഖ്യാപിച്ചിരുന്നു. ഒഡീഷ കഴിഞ്ഞ ജുലൈയില്‍ സര്‍വ്വേ നടത്തിയിരുന്നു. കഴിഞ്ഞ കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാരിന്റെ കാലത്ത് തന്നെ കര്‍ണാടക സര്‍ക്കാര്‍ ജാതി സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പിന്നോക്ക കമ്മിഷന്റെ റിപ്പോര്‍ട്ട് അന്നത്തെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അംഗീകരിച്ചിരുന്നില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News