മലപ്പുറം- സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജി കേരളം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷന്‍ തുല്യതാ ക്ലാസുകളില്‍ ഡിജി പ്രതിജ്ഞ നടത്തുന്നതിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.
നൂതന സാങ്കേതിക രംഗത്ത് നിര്‍മിത ബുദ്ധിയുടെ വ്യാപനത്തോടെ വരാനിടയുള്ള ചൂഷണത്തെ മുന്‍കുട്ടി കാണാന്‍ സമൂഹം തയ്യാറാകണമെന്ന്
മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ പത്താം ക്ലാസ്, പ്ലസ്ടു തുല്യതാ ക്ലാസുകളില്‍ പഠിക്കുന്ന പതിനായിരത്തിലധികം
പേര്‍ വിവിധ സ്ഥാപനങ്ങളില്‍ പ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കാളികളായി.
താനൂര്‍ ദേവധാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല ഉദ്ഘാടനത്തില്‍ താനാളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി. കെ. എം. ഷാഫി മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാ മിഷന്‍ പ്രസിദ്ധീകരണമായ അക്ഷരകൈരളി മാസികയുടെ ജില്ലാ കാമ്പയിന്‍ ജില്ലാ പഞ്ചായത്ത് അംഗം വി. കെ. എം ഷാഫിക്ക് മാസിക കൈമാറി മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു.
സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ്, താനാളൂര്‍ പഞ്ചായത്തംഗം കെ. വി. ലൈജു, നിറമരുതൂര്‍ ഗ്രാമപഞ്ചായത്തംഗം ആബിദ പുളിക്കല്‍, ദേവധാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. പി. അബ്ദു റഹ്‌മാന്‍, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എം. മുഹമ്മദ് ബഷീര്‍, റിസോഴ്സ് പേഴ്സണ്‍ മുജീബ് താനാളൂര്‍, പ്രേരക്മാരായ എ. സുബ്രമണ്യന്‍, എ.വി. ജലജ എന്നിവര്‍ പങ്കെടുത്തു.