ദമാം- കിഴക്കന്‍ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിലായി മയക്കുമരുന്ന് കേസുകള്‍ വര്‍ധിച്ചു വരുന്നതായും ഇത്തരം കുറ്റകൃത്യങ്ങളില്‍ പിടിയിലകപ്പെടുന്നവരില്‍ കൂടുതല്‍ ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. കൂടുതലും യുവാക്കളാണെന്നാണ് ഞെട്ടിക്കുന്ന വിവരം.
സാമൂഹ്യ പ്രവര്‍ത്തകരും സാംസ്‌കാരിക സംഘടനകളും ശക്തമായ ബോധവല്‍ക്കരണം നടത്തണമെന്നും ജാഗ്രത പാലിക്കണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി യുവാക്കളില്‍ മയക്കു മരുന്ന് ഉപയോഗം വര്‍ധിക്കുകയാണ്. ഇത് സമൂഹത്തില്‍ ദൂരവ്യാപകമായ വിപത്താണ് സൃഷ്ടിക്കുന്നത്. ഭേദപ്പെട്ട കുടുംബപശ്ചാത്തലമുള്ള യുവാക്കളെ വലവീശി പിടിക്കുകയും ഈ ചങ്ങലയില്‍ കണ്ണികളാക്കി ഒരിക്കലും പിന്തിരിയാന്‍ കഴിയാത്ത വിധം വരിഞ്ഞു മുറുക്കുന്നതുമാണ് കണ്ടുവരുന്നത്. സൗഹൃദ വലയങ്ങളില്‍ ഉപയോഗിച്ച് തുടങ്ങി പിന്നീട് അതില്‍ നിന്നും പിന്തിരിയാന്‍ കഴിയാതെ കുരുങ്ങി കഴിയുകയാണ് ഈ യുവത. പല പ്രമുഖരും നാണക്കേട് മൂലം പുറംലോകം അറിയാതെ രഹസ്യമാക്കി വെക്കുന്നതായും ഇതിലൂടെ ഗുരുതരമായ പ്രശ്‌നങ്ങളില്‍ അകപ്പെടുന്നതാണ് കണ്ടുവരുന്നത്. പിടിക്കപ്പെടുന്നതില്‍ വലിയ വിഭാഗം മലയാളികള്‍ ആണെന്നതും ഞെട്ടിക്കുന്നതാണ്.
ദമാം, അല്‍ ഖോബാര്‍, ഖത്തീഫ്, ജുബൈല്‍, അല്‍ ഹസ്സ തുടങ്ങിയ കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചു നൂറുകണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണ്‍ലൈന്‍ മാര്‍ഗം ഓര്‍ഡര്‍ നല്‍കുകയും ഒപ്പം പണം സ്വീകരിക്കുകയും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഇടുങ്ങിയ വഴികളിലും ഫോണ്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ കാബിനുകള്‍, ദിനപത്രങ്ങള്‍ ഡെലിവറി ചെയ്യുന്ന ബോക്‌സുകള്‍ എന്നിവയിലും മതിലുകള്‍ക്കിടയിലെ വിടവുകളിലും ഇത്തരം സാധങ്ങള്‍ ഒളിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ലോക്കേഷന്‍ നല്‍കുകയും ചെയ്യുന്ന വില്‍പ്പന രീതിയാണ് മയക്കുമരുന്ന് റാക്കറ്റ് കൈകൊള്ളുന്നത്. ഇത്തരം വില്‍പ്പനക്ക് നേതൃത്വം നല്‍കുന്നവര്‍ രാജ്യത്തിന് പുറത്തു നിന്നാണ് കൊടുക്കല്‍ വാങ്ങലുകള്‍ നിയന്ത്രിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാരകമായ മയക്കു മരുന്നുകളാണ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നതെന്നും ഇത് സമൂഹത്തില്‍ വലിയ പ്രാത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നതെന്നും ഇക്കാര്യത്തില്‍ സാമൂഹിക സാംസ്‌ക്കാരിക സംഘടനകളും പൊതു പ്രവര്‍ത്തകരും പ്രതിരോധിക്കാന്‍ ശക്തമായി മുന്നോട്ടു വരണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. മയക്കുമരുന്നിനെതിരെ ശക്തമായ നടപടികളാണ് രാജ്യത്തു അധികൃതര്‍ നടപ്പിലാക്കുന്നതെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രവാസി സമൂഹവും ഇക്കാര്യത്തില്‍ ജാഗ്രത കൈകൊള്ളണമെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഒറ്റപ്പെടുത്തുകയും അവരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കുവാന്‍ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളും പൊതു സമൂഹവും മുന്നിട്ടറങ്ങണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം അല്‍ ഖോബാറില്‍നിന്നും മയക്കു മരുന്നുമായി പിടിക്കപ്പെട്ട മലയാളിക്കൊപ്പം യാത്ര ചെയ്ത സുഹൃത്തിനെയും പോലീസ് പിടികൂടി. യഥാര്‍ഥത്തില്‍ പോലീസ് പിടിയിലായപ്പോഴാണ് സുഹൃത്ത് ഇദ്ദേഹത്തിന്റെ അസാന്മാര്‍ഗിക ഇടപാടുകള്‍ അറിയുന്നത്. വാഹനങ്ങളില്‍ കൂട്ടമായി യാത്ര ചെയ്യുമ്പോഴും യാത്രക്കാര്‍ക്ക് തങ്ങളുടെ കൂടെയുള്ള ആളുകളെ കുറിച്ച് കൃത്യമായ അവബോധം ഉണ്ടായിരിക്കണമെന്നും അതല്ലെങ്കില്‍ ഇത് പോലെയുള്ള കുരുക്കില്‍ അകപ്പെടുമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഷ്ടപ്പാടോ പ്രയാസങ്ങളോ ഇല്ലാത്ത കുടുംബങ്ങളിലുള്ള യുവാക്കളാണ് മയക്കുമരുന്നിന്റെ വിപത്തില്‍ അകപ്പെടുന്നതില്‍ ഭൂരിഭാഗവും. മറ്റു ചിലരാവട്ടെ വളരെ പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് ഇതിനെ കാണുന്നത്.
കുടുംബങ്ങള്‍ മക്കളുടെ ദൈനംദിന ഇടപെടലുകളും കൂട്ടുകെട്ടും കൃത്യമായി നിരീക്ഷിക്കുകയും കൂടുതല്‍ പണം ഇവര്‍ക്ക് പുറത്തു നിന്നു ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ഉണര്‍ത്തുന്നു,
നിരവധി കുടുംബങ്ങള്‍ തങ്ങളുടെ മക്കളുടെ ഇത്തരം ദുര്‍നടപ്പ് കാരണം കണ്ണീരില്‍ കഴിയുന്നതായി സാമൂഹ്യ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. പലരും പ്രവാസം തന്നെ നിറുത്തി നാട്ടിലേക്ക് മടങ്ങി പോവേണ്ടിയും വന്നിട്ടുണ്ട്. രാജ്യത്തിനും കുടുംബങ്ങള്‍ക്കും സമൂഹത്തിനും വെല്ലുവിളിയായി തീര്‍ന്നിരിക്കുന്ന മയക്കുമരുന്ന് എന്ന സാമൂഹ്യ വിപത്തിനെ തുരത്താന്‍ അധികൃതര്‍ക്കൊപ്പം പ്രവാസി സമൂഹവും ശക്തമായി നിലകൊള്ളണമെന്നും ഇതിനെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.






