'ഇന്ത്യാ മുന്നണി ഏഴ് കുടുംബങ്ങളുടെ സഖ്യം'; ചായ വിൽപ്പനക്കാരന്റെ മകൻ പ്രധാനമന്ത്രിയായത് ബി.ജെ.പിയിൽ ആയതിനാലെന്ന് അമിത് ഷാ

ന്യൂഡൽഹി - ബി.ജെ.പി കുടുംബ പാർട്ടിയായിരുന്നെങ്കിൽ ചായ വിൽപനക്കാരന്റെ മകൻ രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുമായിരുന്നില്ലെന്ന് അഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസുരക്ഷയാണ് ബി.ജെ.പിക്ക് ഏറ്റവും പ്രധാനമെന്നും ഇന്ത്യാ മുന്നണി ഏഴ് കുടുംബങ്ങളുടെ സഖ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി ദേശീയ കൗൺസിലിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
 കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ളത് കുടുംബ പാർട്ടികളുടെ കൂട്ടായ്മയായ സഖ്യമാണ്. പത്തുവർഷത്തിനുള്ളിൽ കുടുംബ രാഷ്ട്രീയവും അഴിമതിയും പ്രീണന രാഷ്ട്രീയവും ജാതിവാദവും മോഡി ഇല്ലാതാക്കി. ലോകസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ വിജയിക്കുമെന്നും നരേന്ദ്ര മോഡി അധികാരം നിലനിർത്തുമെന്ന് ജനങ്ങൾ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. 
 മോഡി സർക്കാരിന് കീഴിൽ 10 വർഷത്തിനുള്ളിൽ എല്ലാ മേഖലയിലും വികസനം കൈവരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ദേശീയ കൗൺസിൽ യോഗത്തിന് ശേഷം ബി.ജെ.പി നേതാക്കൾ എല്ലാ മണ്ഡലങ്ങളിലേക്കും തിരിക്കണം. എന്നിട്ട്, ഇന്ത്യ സ്വാതന്ത്ര്യം നേടി 100 വർഷം തികയുന്ന 2047-ൽ ഇന്ത്യ എങ്ങനെയായിരിക്കുമെന്ന പ്രധാനമന്ത്രി മോഡിയുടെ സന്ദേശം പ്രചരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ, മുൻ പ്രസിഡന്റുമാരും കേന്ദ്രമന്ത്രിമാരുമായ നിതിൻ ഗഡ്കരി, രാജ്‌നാഥ് സിംഗ് തുടങ്ങിയവരെല്ലാം യോഗത്തിലുണ്ട്.

Latest News