നാട്ടുകാര്‍ തടഞ്ഞുവെച്ച എ.ഡി.എമ്മിനെ പോലീസ് മോചിപ്പിച്ചു

പുല്‍പള്ളി- കാട്ടാന ആക്രമണത്തെത്തുടര്‍ന്നു മരിച്ച പാക്കം വെള്ളച്ചാലില്‍ പോളിന്റെ വീട്ടില്‍ നാട്ടുകാര്‍ ഉപരോധിച്ച വയനാട് എ.ഡി.എം ദേവകിയെ പോലീസ് മോചിപ്പിച്ചു. നേരിയ തോതില്‍ ബലപ്രയോഗം നടത്തി നാട്ടുകാരെ മാറ്റിയാണ് എ.ഡി.എമ്മിനെ പുറത്തിറക്കിയത്. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ 15 മിനിറ്റോളമാണ് നാട്ടുകാര്‍ എ.ഡി.എമ്മിനെ തടഞ്ഞുവെച്ചത്.
പോളിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ഉടന്‍ നല്‍കാനും  40 ലക്ഷം രൂപകൂടി ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കാനും ഭാര്യക്ക് വനം വകുപ്പില്‍ സ്ഥിരം ജോലി ലഭ്യമാക്കാനും മകളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാനും ഉച്ചയ്ക്കു മുമ്പ് പുല്‍പള്ളിയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഇക്കാര്യങ്ങള്‍ ഉത്തരവായി ഇറക്കി പോളിന്റെ കുടുംബത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.

അതിനിടെ, വയനാട് എം.പി. രാഹുല്‍ ഗാന്ധി, ശനിയാഴ്ച വൈകിട്ട് മണ്ഡലത്തിലെത്തും. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. നിലവില്‍ ഭാരത് ജോഡോ ന്യായ് യാത്രയിലാണ് രാഹുല്‍. വാരണാസിയില്‍നിന്ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും. ശേഷം ഞായറാഴ്ച പ്രയാഗ് രാജില്‍ നടക്കുന്ന ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ അദ്ദേഹം തിരികെ പോകും. വയനാട്ടിലെ ജനങ്ങള്‍ ഗുരുതര പ്രശ്‌നം നേരിടുമ്പോള്‍ മണ്ഡലത്തിലെ എം.പി എവിടെ എന്ന ചോദ്യങ്ങളും വിവിധ കോണില്‍നിന്ന് ഉയര്‍ന്നിരുന്നു.

 

 

Latest News