അല്‍ഹസ എയര്‍പോര്‍ട്ടില്‍ ഫ്‌ളൈ-ഇന്‍ എക്‌സിബിഷന് തുടക്കം

ദമാം - ദമാം എയര്‍പോര്‍ട്ട്‌സ് കമ്പനിയും സൗദി ഏവിയേഷന്‍ ക്ലബ്ബും സഹകരിച്ച് സംഘടിപ്പിക്കുന്ന ഫ്‌ളൈ-ഇന്‍ എക്‌സിബിഷന് അല്‍ഹസ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തുടക്കം. ദമാം എയര്‍പോര്‍ട്ട്‌സ് കമ്പനി സി.ഇ.ഒ മുഹമ്മദ് അല്‍ഹസനി എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. സൗദി ഏവിയേഷന്‍ ക്ലബ്ബ് അംഗങ്ങളെല്ലാം ഇത്തവണത്തെ എക്‌സിബിഷനില്‍ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്. ടെക്‌നിക്കല്‍ ആന്റ് വൊക്കേഷനല്‍ ട്രൈനിംഗ് കോര്‍പറേഷന്‍ ഗവര്‍ണര്‍ ഡോ. അഹ്മദ് അല്‍ഫഹൈദ്, സൗദി ഏവിയേഷന്‍ ക്ലബ്ബ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ഫാരിസ് ബിന്‍ മുഹമ്മദ് മുനീര്‍, സൗദിയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള ഏവിയേഷന്‍ മേഖലാ വിദഗ്ധര്‍ എന്നിവര്‍ എക്‌സിബിഷനില്‍ പങ്കെടുക്കുന്ന പ്രധാനികളാണ്.
ഏവിയേഷന്‍ പ്രേമികള്‍ക്ക് ഏറ്റവും പുതിയ വ്യോമയാന സാങ്കേതികവിദ്യകളെ കുറിച്ച് അറിയാനും വാണിജ്യ, പ്രദര്‍ശന ആവശ്യങ്ങള്‍ക്കുള്ള ഏറ്റവും പുതിയ തരം വിമാനങ്ങള്‍ കാണാനുമുള്ള മികച്ച അവസമാണ് ഇത്തവണത്തെ ഫ്‌ളൈ-ഇന്‍ എക്‌സിബിഷന്‍. വ്യോമയാന പ്രേമികള്‍ക്കുള്ള വിവിധയിനം വിമാനങ്ങളും വ്യോമയാന വ്യവസായത്തിലെ ഏറ്റവും പുതിയ സുരക്ഷാ സാങ്കേതികവിദ്യകളും ഇവിടെ സന്ദര്‍ശകര്‍ക്ക് കാണാന്‍ സാധിക്കും. വിദഗ്ധര്‍, ഏവിയേഷന്‍ ക്ലബ്ബ് അംഗങ്ങള്‍, ലൈറ്റ് ആന്റ് സ്‌പോര്‍ട്‌സ് വിമാനങ്ങളുടെ ഉടമകള്‍ എന്നിവര്‍ ഭാരം കുറഞ്ഞ വിമാനങ്ങളുടെ പ്രവര്‍ത്തന രീതികള്‍ സന്ദര്‍ശകര്‍ക്കു മുന്നില്‍ വിശദീകരിക്കുന്നു. സൗദി, ഗള്‍ഫ് പൈലറ്റുമാര്‍ നടത്തുന്ന ഡെമോണ്‍സ്‌ട്രേഷന്‍ ഫ്‌ളൈറ്റുകളിലും ഗ്രൂപ്പ് ഫ്‌ളൈറ്റുകളിലും ഏവിയേഷന്‍ ക്ലബ്ബ് അംഗങ്ങളുടെയും വ്യോമയാന പ്രേമികളുടെയും ഒത്തുചേരലും എക്‌സിബിഷനില്‍ ഉള്‍പ്പെടുന്നു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും അല്‍ഹസയിലെ ചരിത്രപരവും സാംസ്‌കാരികവുമായ ആകര്‍ഷണങ്ങളെ കുറിച്ച് അറിയാനുമാണ് ഈ യാത്രകളിലൂടെ ലക്ഷ്യമിടുന്നത്. അല്‍ഹസയിലെയും കിഴക്കന്‍ പ്രവിശ്യയിലെയും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള ആകര്‍ഷമായ പരിപാടി കൂടിയാണ് ഫ്‌ളൈ-ഇന്‍ എക്‌സിബിഷന്‍.

 

 

Latest News