റിയാദ്- വ്യാജ എൻജിൻ ഓയിൽ നിർമിച്ച് വിൽപന നടത്തിവന്ന ഏഷ്യൻ വംശജൻ വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ റെയ്ഡിൽ അറസ്റ്റിലായി. ഉറവിടമറിയാത്തതും പഴയതുമായ എൻജിൻ ഓയിലുകൾ ശേഖരിച്ച് പുതിയ ബോട്ടിലുകളിൽ നിറച്ച് അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള സ്റ്റിക്കറുകൾ പതിച്ച് വിൽക്കുകയാണ് ഏഷ്യൻ വംശജൻ ചെയ്തിരുന്നത്.
സുരക്ഷ വകുപ്പുകളും വാണിജ്യ മന്ത്രാലയവും ശുമൈസി ബലദിയയും ശുമൈസി ബലദിയയിലെ ഹൗസിംഗ് കമ്മിറ്റിയും മാനവശേഷി, സാമൂഹിക വികസന നിധിയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഏഷ്യൻ വംശജൻ പിടിയിലായത്. സെയിൽസ്മാൻ വഴിയാണ് ഉറവിടമറിയാത്തതും പഴയതുമായ എൻജിൻ ഓയിലുകൾ തനിക്ക് ലഭിക്കുന്നതെന്നും ഇവ പിന്നീട് പുതിയ ബോട്ടിലുകളിൽ നിറച്ച് സ്റ്റിക്കറുകൾ പതിച്ച് വിൽക്കുകയാണ് താൻ ചെയ്യുന്നതെന്നും ഏഷ്യൻ വംശജൻ പറഞ്ഞു. വ്യാജ എൻജിൻ ഓയിലുകൾ നിറക്കാൻ ഉപയോഗിക്കുന്ന ബോട്ടിലുകളുടെ വൻ ശേഖരവും വിൽപനക്ക് തയാറാക്കിയ എൻജിൻ ഓയിൽ ശേഖരവും ഏഷ്യൻ വംശജന്റെ താവളത്തിൽ കണ്ടെത്തി. അനധികൃത കേന്ദ്രം അധികൃതർ അടപ്പിച്ചു. വിവിധ വകുപ്പുകൾ സംയുക്തമായി വ്യാജ എൻജിൻ ഓയിൽ നിർമാണ കേന്ദ്രത്തിൽ റെയ്ഡ് നടത്തി ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അൽ ഇഖ്ബാരിയ ചാനൽ സംപ്രേഷണം ചെയ്തു.






