അക്കൗണ്ടുകള്‍ മുഴുവന്‍ മരവിപ്പിച്ചാലും ഭാരതീയന്റെ മനസ്സില്‍ നിന്ന് കോണ്‍ഗ്രസിനെ അടര്‍ത്തിമാറ്റാനാവില്ല: വി. ഡി. സതീശന്‍

എടപ്പാള്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മുഴുവനായി മരവിപ്പിച്ചാലും ഭാരതീയന്റെ മനസ്സില്‍ നിന്ന് കോണ്‍ഗ്രസിനെ അടര്‍ത്തിമാറ്റാന്‍ ആകില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പ്രസ്താവിച്ചു. ജനകീയ പ്രക്ഷോഭ യാത്രയുടെ മലപ്പുറം ജില്ലയിലെ സമാപന സമ്മേളനം എടപ്പാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.

രാജ്യത്തിന്റെ ജനാധിപത്യത്തിനുവേണ്ടി രക്തം ചിന്തിയ മഹാരഥന്മാരുടെ ഓര്‍മ്മകളാണ് കോണ്‍ഗ്രസിനെ നിലനിര്‍ത്തുന്നത്. യുദ്ധത്തിന് മുമ്പ് സൈന്യത്തെ തയ്യാറാക്കലാണ് സമരാഗ്നി യാത്രയെന്നും സതീശന്‍ പറഞ്ഞു.

നരേന്ദ്രമോഡിയും പിണറായി വിജയനും തമ്മിലുള്ള ധാരണ അടുത്ത തെരഞ്ഞെടുപ്പോടെ പൊളിച്ചെഴുതപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ യുവാക്കളെയും യുവതികളെയും വിദ്യാര്‍ഥികളെയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച പോലീസിനോട് പകരം ചോദിക്കാനുള്ള അവസരം കൈവരാന്‍ ഇരിക്കുകയാണ്. പകരം ചോദിക്കുക തന്നെ ചെയ്യും. 

കരുവന്നൂര്‍ ബാങ്ക് അഴിമതിയില്‍ കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പുനടന്ന സംഭവത്തില്‍ ഇ. ഡി അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. തൃശ്ശൂരില്‍ ബി. ജെ. പിയെ ജയിപ്പിക്കാന്‍ ഉള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡി. സി. സി പ്രസിഡണ്ട് വി. എസ് ജോയ് അധ്യക്ഷത വഹിച്ചു. കെ. പി. സി. സി പ്രസിഡണ്ട് കെ. സുധാകരന്‍, വൈസ് പ്രസിഡണ്ട് ടി. ബല്‍റാം, ജെബി മേത്തര്‍ എം. പി, പി. അനില്‍കുമാര്‍ എം. എല്‍. എ, ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല തുടങ്ങിയവര്‍ പ്രസംഗിച്ചു.

Latest News