Sorry, you need to enable JavaScript to visit this website.

ചോപ്പ് 23ന് തിയേറ്ററുകളില്‍

കൊച്ചി- ഗേറ്റ് വേ സിനിമാസിന്റെ ബാനറില്‍ മനു ഗേറ്റ് വേ നിര്‍മ്മിച്ച് രാഹുല്‍ കൈമല സംവിധാനം ചെയ്യുന്ന 'ചോപ്പ്' 23ന് പ്രദര്‍ശനത്തിനെത്തും.

'ജ്ജ് നല്ലൊരു മന്സനാകാന്‍ നോക്ക്' എന്ന ഒരൊറ്റ നാടകം കൊണ്ട് മലയാള നാടക ചരിത്രത്തില്‍ ഏറനാടിന്റെ ഗര്‍ജ്ജിക്കുന്ന സിംഹമായി മാറിയ ഇ.. കെ. അയമു എന്ന മനുഷ്യ സ്നേഹിയായ നാടക പ്രവര്‍ത്തകന്റെ ജീവിതം മുന്നോട്ടുവെച്ച മാനവികതയുടെ സന്ദേശം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ചോപ്പ് എന്ന ചിത്രത്തിലൂടെ നാടക പ്രവര്‍ത്തകനും സംവിധായകനുമായ രാഹുല്‍ കൈമല.

1920 മുതല്‍ 70 വരെയുള്ള കിഴക്കന്‍ ഏറനാടിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക ചരിത്രം കൂടിയാണ് ഇ. കെ. അയമുവിന്റെ അരങ്ങും അണിയറയും ദൃശ്യവല്‍ക്കരിക്കുന്നതിലൂടെ യുവതലമുറയോട് പറയുന്നത്. ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന സിനിമ മനുഷ്യനെ മനുഷ്യനായി കാണാത്ത മതത്തെ തള്ളിപ്പറയുന്ന, ജാതി മത ചിന്തകള്‍ക്കതീതനായ മനുഷ്യ സ്നേഹിയായ അയമുവിനോടൊപ്പം സിനിമയില്‍ കെ. ജി. ഉണ്ണീന്‍, നിലമ്പൂര്‍ ബാലന്‍, മാനു മുഹമ്മദ്, ഡോ. ഉസ്മാന്‍, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കുഞ്ഞാലി എന്നിവരും ചേരുമ്പോള്‍ ഏറനാടിനെ കൂടുതല്‍ ചുവപ്പണിയിക്കുന്നു.

നിലമ്പൂര്‍ ബാലനേയും നിലമ്പൂര്‍ ആയിഷയേയും മലയാളത്തിന് സമ്മാനിച്ച ഇ. കെ. അയമുവിന്റെ ജീവിതം പറയുന്ന ചോപ്പില്‍ ഇ. കെ. അയമു എന്ന ശക്തമായ കഥാപാത്രത്തിന് ജീവന്‍ നല്‍കിയത് വയനാട്ടിലെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജീവനക്കാരനും നാടകപ്രവര്‍ത്തകനും ചലച്ചിത്ര നടനുമായ സനില്‍ മട്ടന്നൂരാണ്. കേരളം നെഞ്ചേറ്റിയ മുരുകന്‍ കാട്ടാക്കട ആലപിച്ച് ഏറെ വൈറലായ 'മനുഷ്യനാകണം' എന്ന ഗാനം പാടി അഭിനയിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മാമുക്കോയ, കോട്ടയം നസീര്‍, ജയന്‍ ചേര്‍ത്തല, മുഹമ്മദ് പേരാമ്പ്ര, പ്രദീപ് ബാലന്‍, ടോം ജേക്കബ്, സിയാന്‍ ശ്രീകാന്ത്, നിലമ്പൂര്‍ ആയിഷ, സരയു മോഹന്‍, വിജയലക്ഷ്മി ബാലന്‍, ആയിഷ അയമു, ജനനി രമേഷ്, സിനി സേയ, നിള, ആഷ് വി. പ്രജിത്ത്, രഞ്ജന പ്രജിത്ത് തുടങ്ങിയ താരങ്ങളോടൊപ്പം മലബാറിലെ നിരവധി നാടക പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും അഭിനയിച്ച ചോപ്പിന്റെ കഥയും സംഭാഷണവും വിശ്വം കെ. അഴകത്തും കലാസംവിധാനം മനു കള്ളിക്കാടും ക്യാമറ പ്രശാന്ത് പ്രണവവും സംഗീതം പി. ജെയും എഡിറ്റിംഗ് സിയാന്‍ ശ്രീകാന്തും ചീഫ് അസോസിയേറ്റ് ഗിരീഷ് കറുത്തപറമ്പും ഗാന രചന മുരുകന്‍ കാട്ടാക്കട, വിശ്വം കെ. അഴകത്ത്, കെ. ജി. ഉണ്ണീന്‍, മസ്താന്‍ കെ. എ. അബൂബക്കര്‍ പൊന്നാനി, ബിജു ആര്‍. പിള്ള എന്നിവരും മേക്കപ്പ് പുനലൂര്‍ രവിയും കോസ്റ്റ്യൂംസ് രഘുനാഥ് മനയിലും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് ഗണപതിയും സ്റ്റില്‍സ് ജയന്‍ തില്ലങ്കരിയുമാണ് നിര്‍വ്വഹിച്ചത്. സാഗാ ഇന്റര്‍നാഷണലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Latest News