Sorry, you need to enable JavaScript to visit this website.

മുജാഹിദ് സമ്മേളനത്തിൽ ഐ.എസ് ഭീകരന്റെ അരുമ ശിഷ്യനോ? ആരോപണങ്ങൾ നിഷേധിച്ച് സംഘാടകർ

(കരിപ്പൂർ) കോഴിക്കോട് - കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടകൻ ഇസ്‌ലാമിക് സ്റ്റേറ്റ്‌സ് (ഐ.എസ്) ഭീകരരുടെ തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ ആശയങ്ങളുടെ പ്രചാരകനാണെന്ന ആരോപണത്തിൽ പ്രതികരണവുമായി സമ്മേളന സംഘാടകർ. ആരോപണവിധേയനായ പണ്ഡിതനെ സമ്മേളനത്തിൽനിന്ന് ഒഴിവാക്കിയെന്ന പ്രചാരണത്തിലും സംഘാടകർ പ്രതികരിച്ചു. 
 ആഗോള പണ്ഡിത സഭാംഗവും ഉത്തർപ്രദേശിലെ മുസ്‌ലിം സമൂഹത്തിൽ ഏറെ സ്വാധീനവുമുള്ള പണ്ഡിതനായ ശൈഖ് സൽമാൻ ഹുസൈനി നദ്‌വിക്കെതിരേയാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ചില കേന്ദ്രങ്ങൾ ആരോപണമുന്നയിച്ചത്. ഐ.എസ് ഭീകരൻ അബൂബക്കർ അൽ ബഗ്ദാദിയുടെ ആശയങ്ങളുടെ പ്രചാരകനാണെന്നായിരുന്നു ഇദ്ദേഹത്തിനെതിരെ ഉയർന്ന മുഖ്യ വിമർശം. 
  മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഒ അബ്ദുല്ലയും ആരോപണവുമായി രംഗത്തുവരികയുണ്ടായി. കേട്ടത് ശരിയാണെങ്കിൽ മുജാഹിദ് സമ്മേളനത്തിലെ വെളിച്ചത്തിന് തീ കൊടുക്കുന്നത് അബൂബക്കർ ബഗ്ദാദി എന്ന ഐ.എസ് ഭീകരന്റെ അരുമ ശിഷ്യനാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. 'പറയുന്നത് ഉത്തരവാദപ്പെട്ട ചില പണ്ഡിതരിൽനിന്നും അറിഞ്ഞതാണെന്ന' മുഖവുരയോടെയാണ് ഒ അബ്ദുല്ല സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്. 'മുജാഹിദ് സമ്മേളനത്തിന്റെ ശോഭ കെടുത്തലോ അതിനെ ഭീകരമായി ചിത്രീകരിക്കലോ തന്റെ ലക്ഷ്യമല്ലെന്ന മുൻകൂർ ജാമ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ അധികപ്രസംഗം. ഏതെങ്കിലുമൊരു നിലയ്ക്ക് മുജാഹിദുകൾക്ക് ദോഷം വരുത്തിവെക്കൽ തന്റെ ഉദ്ദേശമല്ലെന്നും മറിച്ച് നിലവിലുള്ള മുസ്‌ലിം സംഘടനകളിൽ താനേറ്റവും ഇഷ്ടപ്പെടുന്ന മുസ്‌ലിം സംഘടനകളാണ് മുജാഹിദുകളെന്നും അദ്ദേഹം വിശേഷിപ്പിച്ചു. മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ ഭിന്നിപ്പാണ് അവരിൽ ഒരാളായി മാറാനും സ്റ്റേജിലും പേജിലും അവരുടെ കൂടെ നിൽക്കാനും തനിക്ക് തടസ്സമെന്നും അവർ ഒരുമിക്കുകയാണെങ്കിൽ അവരുടെ കൂടെ ഉണ്ടാകുമെന്നും പറഞ്ഞാണ് ഒ അബ്ദുല്ല തന്റെ വാദങ്ങൾ അവതരിപ്പിച്ചത്.
 'ഞാൻ പറഞ്ഞത് വസ്തുതാ വിരുദ്ധമാണെങ്കിൽ തിരുത്താമെന്നും പക്ഷേ, താൻ പലരോടും അന്വേഷിച്ച് ക്രോസ് ചെക്ക് ചെയ്തതിനു ശേഷമാണിത് പറയുന്നതെന്നും' അദ്ദേഹം അടിവരയിട്ടു.  അബൂബക്കർ അൽ ബഗ്ദാദിയുമായി കൈകോർത്ത ശൈഖ് സൽമാൻ ഹുസൈനി നദ്‌വിയെ അടുപ്പിക്കാൻ പോലും പറ്റില്ലെന്നും എങ്ങനെയാണ് മുജാഹിദ് പ്രസ്ഥാനം ഇത്തരത്തിലൊരു വിവരക്കേടിൽ പോയി ചാടിയതെന്ന് അറിയില്ലെന്നും ഒ അബ്ദുല്ല പ്രതികരിക്കുകയുണ്ടായി. 
 അതിനിടെ, സൽമാൻ നദ്‌വി മുജാഹിദ് വിഭാഗം അംഗീകരിക്കുന്ന അഹ്‌ലെ ഹദീസിന്റെ ആളല്ലെന്നും തബ്‌ലീഗ് പ്രസ്ഥാനത്തിന്റെ സഹകാരിയാണെന്നും എൻ.ഡി.എഫിന്റെ പിൻകാല രൂപമായ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളുടെ ഓൺലൈനിലിലും ആരോപണമുണ്ടായി. സംഘപരിവാർ ബന്ധമുള്ള പണ്ഡിതരുമായി സൽമാൻ നദ്‌വിക്ക് അടുത്ത ബന്ധമുണ്ടെന്നും ബാബരി മസ്ജിദ് വിഷയത്തിൽ ശ്രീ ശ്രീ രവിശങ്കറുമായി ചർച്ചയ്ക്കു പോയതിന്റെ പേരിൽ ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിൽനിന്ന് പുറത്താക്കപ്പെട്ടതായും പുതിയ വിവാദങ്ങളെ തുടർന്ന് സമ്മേളന പ്രോഗ്രാമിൽനിന്ന് അദ്ദേഹത്തെ മാറ്റിയതായും ആരോപണമുണ്ടായി. 
 എന്നാൽ, ശൈഖ് സൽമാൻ ഹുസൈനി നദ്‌വിയുടെ സമുദായ സ്‌നേഹത്തിലും പ്രതിബദ്ധതയിലും യാതൊരു സംശയവും ഇല്ലെന്നിരിക്കെ അദ്ദേഹത്തെ തീവ്രവാദ സംഘടനാ അനുയായിയായും കാവി മൗലാനയായും ഒരേസമയം ചിത്രീകരിക്കുന്നത് ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യതയാണ് ഇല്ലാതെയാക്കുന്നതെന്ന് മുജാഹിദ് സമ്മേളന സംഘാടകർ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിൽക്കുന്ന യു.പിയിലെ മുസ്‌ലിംകൾക്കിടയിൽ മെഡിക്കൽ കോളെജ്, എൻജിനീയറിങ് കോളജ്, സ്‌കൂളുകൾ, ഐ.ടി ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവ സ്ഥാപിച്ച് നടത്തുന്ന ശൈഖ് സൽമാൻ ഹുസൈനി നദ്‌വിയുടെ പ്രവർത്തനം മാതൃകാപരമാണ്. അദ്ദേഹത്തെ മുജാഹിദ് സമ്മേളനത്തിൽ നിന്ന് മാറ്റിനിർത്തിയെന്ന പ്രചാരണവും തെറ്റാണ്. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പഠനക്യാമ്പ് ശനിയാഴ്ച രാവിലെ ശൈഖ് സൽമാൻ ഹുസൈനി നദ്‌വിയാണ് ഉദ്ഘാടനം ചെയ്യുകയെന്ന് സമ്മേളനത്തിന്റെ മീഡിയാ വിംഗ് കൺവീനർ മലയാളം ന്യൂസിനോട് പ്രതികരിച്ചു. 
  ജംഇയ്യത്തുൽ ശബാബുൽ ഇസ്‌ലാം എന്ന പേരിൽ യുവജനങ്ങൾക്കായി ശൈഖ് സൽമാൻ ഹുസൈനി നദ്‌വി രൂപീകരിച്ച പ്രസ്ഥാനം യുവാക്കൾക്കിടയിൽ ഏറെ സ്വാധീനം നേടിയതാണ്. മുസ്‌ലിം സമുദായത്തെ മുഖ്യധാരാവത്കരിക്കുന്നതിലും ശാക്തീകരിക്കുന്നതിലും നേതൃപരമായ പങ്കുവഹിക്കുന്ന പണ്ഡിതനെ സമുദായത്തെ പിന്നോട്ടടിപ്പിക്കുന്ന തീവ്രവാദ സംഘടനകളുടെ പ്രതിനിധിയായി പ്രചരിപ്പിക്കുന്നത് സമുദായവിരുദ്ധ ശക്തികളാണ്. 
 ഇമാം മുഹമ്മദ് ബിൻ സഊദ് യുനിവാഴ്‌സിറ്റി, ലക്‌നൗ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ എന്നിവിടങ്ങളിൽ നിന്ന് ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ പഠനവും ഗവേഷണവും നടത്തിയ പണ്ഡിതനാണ് ശൈഖ് സൽമാൻ ഹുസൈനി നദ്‌വി. ലക്‌നൗ ദാറുൽ ഉലൂമിൽ നിന്നുള്ള നിരവധി പണ്ഡിതന്മാർ മുസ്‌ലിം സമുദായത്തിൽ സംഘടനാ ഭേദമന്യേ സ്വീകാര്യതയുള്ളവരാണെന്നും മീഡിയാ കൺവീനർ ചൂണ്ടിക്കാട്ടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 മുസ്‌ലിം കേരളത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌കരണത്തിന് മുന്നിൽ നടന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും സമൂഹം ഇതെല്ലാം കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും ബന്ധപ്പെട്ടവർ ഓർമിപ്പിച്ചു. വക്കം അബ്ദുൽ ഖാദർ മൗലവി, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ഇ മൊയ്തു മൗലവി, കെ.എം മൗലവി, ഇ.കെ മൗലവി, കെ.പി മുഹമ്മദ് മൗലവി, ഡോ. ഉസ്മാൻ, എ.വി അബ്ദുറഹ്മാൻ ഹാജി, കെ.കെ മുഹമ്മദ് സുല്ലമി തുടങ്ങി അബൂബക്കർ കാരക്കുന്ന് വരെയുള്ള പിൽക്കാല നേതാക്കൾ വെള്ളവും വളവും ഒഴിച്ചുകൊടുത്ത് കഠിനാധ്വാനംചെയ്ത് വളർത്തിയ മഹത് പ്രസ്ഥാനമാണ് കെ.എൻ.എം മർക്കസുദ്ദഅ്‌വയുടെ നേതൃത്വത്തിൽ കരിപ്പൂരിൽ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുന്നത്. 
   സമ്മേളനത്തോടനുബന്ധിച്ച് ദിവസങ്ങൾക്കു മുമ്പേ കരിപ്പൂരിലെ വെളിച്ചം നഗറിൽ ആരംഭിച്ച കിഡ്‌സ് പാർക്ക്, ദി മെസേജ് എക്‌സിബിഷൻ, കാർഷിക പ്രദർശനം, ഖുർആനിലെ 30 അധ്യായങ്ങളെ ആസ്പദമാക്കിയുള്ള സമ്പൂർണ ഖുർആൻ പഠന സെഷനുകൾ തുടങ്ങിയവ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേയും സ്ത്രീ വിദ്യാഭ്യാസത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും പൊതുരംഗ പ്രവേശനത്തിനും കലാസാഹിത്യ പോഷണത്തിനും പരിസ്ഥിതി പ്രവർത്തനങ്ങൾക്കും എയ്ഡ്‌സ്, തീവ്രവാദ വിരുദ്ധ ക്യാമ്പയ്‌നുകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമെല്ലാം ഒരു പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ ധിഷണയുമായി മുന്നോട്ടുപോയ സംഘടനയാണ് കെ.എൻ.എം മർകസുദ്ദ്അവ. ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ആദർശ പ്രബോധനത്തോടൊപ്പം, മരം നടലും എയ്ഡ്‌സ് വിരുദ്ധ ക്യാമ്പയ്‌നും ഫാസിസത്തിനെതിരെ കൂട്ടായ്മ സംഘടിപ്പിച്ചപ്പോഴുമെല്ലാം സംഘടനക്കെതിരെ ഉയർന്ന വിമർശന ശരങ്ങൾ ഏറെയായിരുന്നു. ഒരു മതനിരപേക്ഷ സമൂഹത്തിൽ, പുതിയ കാലവും ലോകവും ആവശ്യപ്പെടുന്ന, ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ പുതിയ കാല അജണ്ടകളെ കാലത്തിന് മുമ്പേ അവതരിപ്പിക്കാനും വേഗത കൂട്ടാനുമാണ് സംഘടനയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ശ്രമിക്കുന്നത്. 
 നാലുദിവസത്തെ സമ്മേളനത്തിൽ 45 സെഷനുകളിലായി 300-ഓളം പ്രമുഖരാണ് വിവിധ വിഷയങ്ങളിൽ വൈജ്ഞാനിക പ്രബന്ധങ്ങൾ അവതരിപ്പിക്കുകയെന്നും സംഘാടകർ വ്യക്തമാക്കി.

Latest News