ഇലക്ടറല്‍ ബോണ്ട്: സുപ്രിം കോടതിയുടേത് ധീരമായ തീരുമാനമെന്ന് ഐ. എന്‍. എല്‍ 

കോഴിക്കോട്- 2018ല്‍ മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട് സമ്പ്രദായം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രിം കോടതി വിധി  ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവാണെന്നും ജനാധിപത്യ പ്രക്രിയ ശുദ്ധീകരിക്കുന്നതില്‍ ധീരമായ ഈ തീര്‍പ്പ് സുപ്രധാന പങ്കുവഹിക്കുമെന്നും ഐ. എന്‍. എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. 

ആരില്‍നിന്നൊക്കെ സംഭാവന സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തേണ്ടതില്ലാത്തതിനാല്‍ ഇലക്ടറല്‍ ബോണ്ട് പദ്ധതി രാഷ്ട്രീയ അഴിമതിയുടെ കൂത്തരങ്ങാവുമെന്ന് ഇടതു പാര്‍ട്ടികള്‍ നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. ഇത്തരം സംഭാവനകളിലൂടെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ദുസ്വാധീനം സ്ഥാപിക്കുമെന്ന ജനാധിപത്യ പോരാളികളുടെ ആശങ്കയാണ് സുപ്രിം കോടതി ശരിവെച്ചിരിക്കുന്നത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്മേല്‍ കരിമ്പടം പുതപ്പിക്കാനുള്ള ബി. ജെ. പി സര്‍ക്കാരിന്റെ കുല്‍സിത ശ്രമങ്ങളെയാണ് പരമോന്നത നീതിപീഠം പരാജയപ്പെടുത്തിയിരിക്കുന്നത്. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇലക്ടറല്‍ ബോണ്ടുകളിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 13,000 കോടി രൂപയാണെന്നും അതിന്റെ 90 ശതമാനവും ബി. ജെ. പിയാണ് സ്വീകരിച്ചതെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. 

അധികാര ദുര്‍വിനിയോഗത്തിന്റെ ഏറ്റവും മേച്ഛമായ ഒരു വ്യവസ്ഥയ്ക്ക് അറുതി വരുത്താന്‍ നീതിപീഠം കാണിച്ച ആര്‍ജവം തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ സുതാര്യമാക്കുകയും വലിയൊരു അഴിമതിയുടെ കവാടങ്ങള്‍ കൊട്ടിയടക്കുകയും ചെയ്യും. ഇലക്ടറല്‍ ബോണ്ടിന്റെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിച്ച സി. പി. എം ജനാധിപത്യ വിശ്വാസികളുടെ മുഴുവന്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Latest News