Sorry, you need to enable JavaScript to visit this website.

ദോഹയില്‍ ലഭിച്ചത് അസാധാരണ സ്വീകരണം; പ്രവാസികള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ദോഹ- ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ പ്രവാസികള്‍ നല്‍കിയ സ്വീകരണത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ദോഹയില്‍ ലഭിച്ചത് അസാധാരമായ സ്വീകരണമായിരുന്നു. ഇന്ത്യന്‍ പ്രവാസികള്‍ക്ക് നന്ദിയെന്ന് മോഡി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
ഔദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്ച രാത്രിയാണ് മോഡി ദോഹയിലെത്തിയത്. മോഡിയുടെ രണ്ടാമത്തെ ഖത്തര്‍ സന്ദര്‍ശനമാണിത്. 2016 ജൂണിലായിരുന്നു ആദ്യ സന്ദര്‍ശനം.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അല്‍താനിയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. വ്യാപാരം, നിക്ഷേപം, ഊര്‍ജം, ധനകാര്യം തുടങ്ങിയ മേഖലകളില്‍  സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച് ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖത്തര്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ-ഖത്തര്‍ സൗഹൃദം ശക്തമാക്കുന്നതിനുള്ള വഴികളെ കുറിച്ചും ചര്‍ച്ച ചെയ്തു.
ചാരവൃത്തി ആരോപിച്ച് 18 മാസത്തോളം തടവില്‍ കഴിഞ്ഞിരുന്ന എട്ട് മുന്‍ നാവിക സേനാംഗങ്ങളെ ഖത്തര്‍ മോചിപ്പിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായി അവകാശപ്പെട്ടതിനു പിന്നാലെയാണ്  പ്രധാനമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം.

 

Latest News