ന്യൂദല്‍ഹി- ജ്യേഷ്ഠനും മൂന്ന് തവണ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിന്റെ ആശീര്‍വാദത്തോടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ശരീഫ് രണ്ടാം തവണ അധികാരമേല്‍ക്കാന്‍ പോകുന്നു.
74 കാരനായ നവാസ് ഷെരീഫ് ഇളയ സഹോദരന്റെ അടുത്ത ഊഴത്തില്‍ പ്രധാന വഴികാട്ടിയായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നവാസ് ശരീഫിന്റെ മകള്‍ മറിയം നവാസ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും.
വിവാദങ്ങള്‍ നിറഞ്ഞ തെരഞ്ഞെടുപ്പുകളുടെ വഴിത്തിരിവുകള്‍ക്കിടയിലും, നവാസ് ഷരീഫിന്റെ പാകിസ്ഥാന്‍ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെ ശക്തമായി പിന്തുണച്ച പാകിസ്ഥാന്‍ സൈന്യം ഒരിക്കല്‍കൂടി മേല്‍ക്കൈ നേടിയതിന്റെ സൂചനയാണ് പുതിയ സംഭവ വികാസങ്ങള്‍.
മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 100ലധികം സീറ്റുകളില്‍ വിജയിച്ചു, എന്നാല്‍ ജയിലില്‍ കിടക്കുന്ന അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫിനോ പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതയെല്ലാം അടഞ്ഞു.
264 സീറ്റുകളുള്ള പാര്‍ലമെന്റില്‍ ശരീഫിന്റെ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) പാര്‍ട്ടിക്ക് 80 സീറ്റുകള്‍ മാത്രമേ ഉള്ളൂവെങ്കിലും കേവല ഭൂരിപക്ഷത്തിന് മറ്റ് ആറ് പാര്‍ട്ടികള്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
നവാസ് ഷരീഫ് സീറ്റ് നേടിയിട്ടും നാലാം തവണയും സത്യപ്രതിജ്ഞ ചെയ്യാന്‍ താല്‍പര്യപ്പെട്ടിട്ടും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സഖ്യകക്ഷികളും ചേര്‍ന്ന് ഷെഹ്ബാസ് ശരീഫിനെ (72) തിരഞ്ഞെടുക്കുകയായിരുന്നു.
മൂന്ന് തവണ പ്രധാനമന്ത്രിയായപ്പോള്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്ന നവാസിന് ന്യൂനപക്ഷ സഖ്യ സര്‍ക്കാരിനെ നയിക്കാന്‍ താല്‍പ്പര്യമില്ലെന്ന് മകള്‍ മറിയം എക്‌സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, ഷെഹ്ബാസ് ശരീഫിന്റെ നേതൃത്വത്തില്‍ സഖ്യം രൂപീകരിച്ച ആറ് പാര്‍ട്ടികള്‍ നേടിയ മൊത്തം ജനറല്‍ സീറ്റുകളുടെ എണ്ണം 152 ആണ്. 60 വനിതാ സംവരണ സീറ്റും 10 ന്യൂനപക്ഷ സംവരണ സീറ്റുകളും കൂടിച്ചേര്‍ന്നാല്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ സംഖ്യയായ 169 സഖ്യത്തിന് എളുപ്പത്തില്‍ നേടാനാകും.
2022ല്‍ മുന്‍ പ്രധാനമന്ത്രിയും എതിരാളിയുമായ ഇമ്രാന്‍ ഖാനെ പാര്‍ലമെന്റില്‍ പുറത്താക്കിയതിനെത്തുടര്‍ന്ന് 16 മാസം വിവിധ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ഐക്യം നിലനിര്‍ത്തുന്നതില്‍ ഷഹ്ബാസ് ഷെരീഫ് നിര്‍ണായക പങ്ക് വഹിച്ചു.