അബുദാബി- അബുദാബി ആസ്ഥാനമായി കഴിഞ്ഞ ഒമ്പത് വർഷമായി പ്രവർത്തിക്കുന്ന അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ പുതുവർഷ പദ്ധതിയിൽപെട്ട വികലാംഗർക്കൊരു ഓട്ടോറിക്ഷ സ്‌നേഹസമ്മാനം പരിപാടി സംഘടിപ്പിക്കുന്നു. സ്‌നേഹ സമ്മാനത്തിന്റെ മൂന്നാംഘട്ട വിതരണ ഉദ്ഘാടനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിക്കും.
സി.ഐ പി.അജിത്കുമാർ, യുവ മാധ്യമ പ്രവർത്തകൻ എ.ബി കുട്ടിയാനം എന്നിവർ മുഖ്യാതിഥികളാകും. സ്വദേശത്തും വിദേശത്തും കാരുണ്യ പ്രവർത്തനത്തിന് ഒരു വർഷത്തേക്ക് ആവശ്യമായ ധനസമാഹരണം ലക്ഷ്യമിട്ട് നടത്തുന്ന അബുദാബി കാസ്രോട്ടാർ സോക്കർ ഫെസ്റ്റ് ഏഴാം സീസൺ മാർച്ച് രണ്ടിന് അബുദാബിയിൽ നടക്കും. പ്രവാസികളായ ജില്ലക്കാരെ ഉൾപ്പെടുത്തി എട്ട് ടീമുകളായിട്ടാണ് മത്സരങ്ങൾ ഉണ്ടാവുക. സൈഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് അവതരിപ്പിക്കുന്ന ബെസ്റ്റ് ടീ കഫേ ട്രോഫിക്ക് വേണ്ടിയുള്ള സോക്കർ ഫെസ്റ്റ് അബുദാബി മഹാവിയിലെ അബുദാബി യൂനിവേഴ്‌സിറ്റി ലിമാക്‌സ് ഗ്രൗണ്ടിൽ നടക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വേദനിക്കുന്നവരുടെ കണ്ണീരൊപ്പുകയും രോഗികൾക്ക് സാമ്പത്തിക സഹായവും സാന്ത്വനവും മരുന്നുകൾ വിതരണം ചെയ്തും, പുണ്യ റമദാനിൽ കിറ്റുകൾ വിതരണം ചെയ്തും, നിർധനരായ ആളുകൾ താമസിക്കുന്ന മഹല്ലുകളിൽ വർഷം തോറും നോമ്പുതുറ സംഘടിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്. അബുദാബി ആരോഗ്യ വകുപ്പുമായി സഹകരിച്ച് അബുദാബിയിൽ തുടർച്ചയായി നടത്തുന്ന രക്തദാന ക്യാമ്പ് പ്രത്യേകം ശ്രദ്ധ പിടിച്ചു പറ്റുകയും അബുദാബി ആരോഗ്യ വകുപ്പ് തുടർച്ചയായി മൂന്ന് തവണ കൂട്ടായ്മയെ ആദരിക്കുകയും ചെയ്തത് മറ്റൊരു സ്വർണത്തൂവലാണ്. മുഹമ്മദ് ആലംപാടി, അസൈനാർ ചേരൂർ, ജാബിർ നീർച്ചാൽ, അഷ്‌റഫ് നാൽത്തടുക്ക എന്നിവർ പങ്കെടുത്തു.