തമിഴ്‌നാട്ടിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ ഡി.എം.കെ

ചെന്നൈ- 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയ്ക്ക് ഏറ്റവും കൂടുതൽ സീറ്റ് നേടാൻ സാധിച്ച സംസ്ഥാനമാണ് തമിഴ്‌നാട്. സംസ്ഥാനത്ത്  39 സീറ്റുകളിൽ 38 സീറ്റുകളായിരുന്നു ഡി എം കെ നയിക്കുന്ന സഖ്യം നേടിയത്. ഡി എം കെ 20, കോൺഗ്രസ് 8, സി പി എം 2, സി പി ഐ 2, വി സി കെ 2, മുസ്്‌ലിം  ലീഗ് 1, ഐ ജെ കെ 1, കെ എം ഡി കെ, എം ഡി എം കെ 1 എന്നിങ്ങനെയായിരുന്നു വിജയിച്ച പാർട്ടികളുടെ കക്ഷി നില.
കോൺഗ്രസ് മത്സരിച്ച തേനിയിൽ മാത്രമായിരുന്നു എൻ ഡി എ സഖ്യത്തിൽ മത്സരിച്ച എ ഐ എ ഡി എം കെ വിജയിച്ചത്. തേനിയിൽ പരാജയപ്പെട്ടെങ്കിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ വിജയിക്കാൻ കോൺഗ്രസിന് സാധിച്ചു. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമായിരുന്നു നഷ്ടപ്പെട്ടതെങ്കിൽ 2024 ൽ മുഴുവൻ സീറ്റിലും വിജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിഎംകെ പ്രവർത്തനം.
കോൺഗ്രസും ഇടത് പാർട്ടികളും ഉൾപ്പെടെയുള്ള സീറ്റുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയാൽ മാത്രമേ ഡി എം കെയ്ക്ക് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ വർധന് വരുത്താൻ സാധിക്കുകയുള്ളൂ. രണ്ട് ഇടത് പാർട്ടികൾക്കായി 4 സീറ്റുകളാണ് നൽകുന്നത്. ഇത് പരമാവധി രണ്ട്, അല്ലെങ്കിൽ മൂന്ന് ആയി പരിമിതപ്പെടുത്തണമെന്നാണ് നിർദേശം. അങ്ങനെയെങ്കിൽ നഷ്ടപ്പെടുന്ന ഒരു സീറ്റ് സി പി ഐയുടെ സീറ്റായിരിക്കും. രണ്ട് സീറ്റുകൾ കുറയ്ക്കുകയാണെങ്കിൽ സി പി എമ്മിന്റേയും സീറ്റിൽ കുറവുണ്ടായേക്കും.
കോൺഗ്രസിന്റേയും സീറ്റുകളിൽ എണ്ണം കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ തവണ മത്സരിച്ച ചില ചെറു കക്ഷികളുടെ സീറ്റ് എടുത്ത് കളഞ്ഞ് അവർക്ക് രാജ്യസഭയിലേക്ക് അവസരം നൽകാം എന്ന രീതിയിലും ചർച്ചകളുണ്ട്. എന്നാൽ പ്രതിപക്ഷ മഹാസഖ്യം ഉൾപ്പെടെ രൂപീകരിച്ച് ദേശീയ തലത്തിൽ തന്നെ പുതിയ പ്രതീക്ഷകളുമായി മുന്നോട്ട് പോവുന്നതിനാൽ മുന്നണിക്കുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടാവരുതെന്ന നിർദേശം മുന്നോട്ട് വെക്കുന്നവരുമുണ്ട്.
മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ ഇത്തവണ വിട്ടുവീഴ്ചകൾക്ക് സഖ്യകക്ഷികൾ തയാറാകണമെന്ന നിർദേശം ഡി എം കെ കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നു. പാർട്ടിയുടെ അഭിമാനം നിലനിറുത്തണമെങ്കിൽ 40 ൽ 40 സീറ്റും നേടണം. നമുക്ക് മുഴുവൻ രാജ്യത്തോടും കടമയുണ്ട്. ഫെഡറലിസം, സംസ്ഥാന സ്വയംഭരണം, മതേതരത്വം, സാമൂഹിക നീതി, സമത്വം തുടങ്ങിയ നമ്മുടെ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനവും കേന്ദ്ര സർക്കാരും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടം, അതായത് ഡി എം കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യവും ബി ജെ പിയും തമ്മിൽ' എന്നാണ് മുഖ്യമന്ത്രി സ്റ്റാലിൻ അടുത്തിടെ പറഞ്ഞത്.
 

Tags

Latest News