Sorry, you need to enable JavaScript to visit this website.

സി.പി.എമ്മിന്റെ എല്ലാ നയവും നടപ്പാക്കാനാവില്ല; പുഷ്പനെ ഓർമയുണ്ട്, ട്രാക്ടറിനും കമ്പ്യൂട്ടറിനുമെതിരെ സമരം ചെയ്‌തെന്നും ധനമന്ത്രി

- കേരളത്തിലെ കുടുംബങ്ങളിൽ നിന്ന് കുട്ടികൾ വിദേശത്തേക്ക് പോവുകയാണ്. ഒരു കുട്ടിക്ക് 30 ലക്ഷം മുതൽ മുകളിലേക്കാണ് ചെലവ്. നാട്ടിൽ ചെലവാകേണ്ട പണം ഇവിടെ വരണം. കുട്ടികൾ പലരും പോകുന്നത് കുടിയേറ്റത്തിനും ജോലിക്കും വേണ്ടിയാണ്. ഇതിനൊക്കെ പരിഹാരമായാണ് വിദേശ സർവകലാശാലകൾ വേണമെന്ന് പറഞ്ഞതെന്നും മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം - വിദേശ സർവകലാശാലയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത് പാർട്ടി നിലപാടാണെന്നും സി.പി.എമ്മിന്റെ എല്ലാ നയങ്ങളും സർക്കാറിന് നടപ്പാക്കാൻ കഴിയില്ലെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. വിദേശ സർവകലാശാല എന്നത് സംസ്ഥാന സർക്കാർ നയമായി എടുത്തിട്ടില്ലെന്നും വിഷയത്തിൽ ചർച്ചകൾ വേണമെന്നാണ് പറഞ്ഞതെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
 വിദേശ സർവകലാശാലയിൽ ചർച്ചകൾ പോലും പാടില്ലെന്ന് പറയുന്നത് ശരിയല്ല. സർക്കാരാണ് ചർച്ച മുന്നോട്ടു വെച്ചത്. വിഷയം ചർച്ച ചെയ്ത് നടപ്പാക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കാരങ്ങളും ചർച്ചകളും വേണം. പൊതുമാനദണ്ഡങ്ങൾ നോക്കിയെ നടപ്പാക്കാൻ സാധിക്കൂ. ഇന്ന് കാലം മാറി. കേരളത്തിലെ കുടുംബങ്ങളിൽ നിന്ന് കുട്ടികൾ വിദേശത്തേക്ക് പോവുകയാണ്. ഒരു കുട്ടിക്ക് 30 ലക്ഷം മുതൽ മുകളിലേക്കാണ് ചെലവ്. നാട്ടിൽ ചെലവാകേണ്ട പണം ഇവിടെ വരണം. കുട്ടികൾ പലരും പോകുന്നത് കുടിയേറ്റത്തിനും ജോലിക്കും വേണ്ടിയാണ്. ഇതിനൊക്കെ പരിഹാരമായാണ് വിദേശ സർവകലാശാലകൾ വേണമെന്ന് പറഞ്ഞതെന്നും മന്ത്രി ബാലഗോപാൽ ചൂണ്ടിക്കാട്ടി.
കൂത്തുപറമ്പിലെ സ്വാശ്രയ സമരത്തിലെ പുഷ്പനെ ഓർമയുണ്ടെന്നും ആ സമരത്തിൽ സജീവമായി പങ്കെടുത്തവരാണ് തങ്ങളെല്ലാവരുമെന്നും മന്ത്രി പറഞ്ഞു.
 40 വർഷം മുമ്പ് ട്രാക്ടറിനും കമ്പ്യൂട്ടറിനുമെതിരെ ഞങ്ങളുടെ അന്നത്തെ തലമുറ സമരം ചെയ്തിട്ടുണ്ട്. മൂവായിരത്തോളം തൊഴിലാളികൾ തൊഴിലില്ലാതെ നിൽക്കുന്ന, കർഷക തൊഴിലാളികൾക്ക് ജോലി കിട്ടാത്ത കാലത്തെ പോലെയാണോ ഇന്ന് എന്നും മന്ത്രി ചോദിച്ചു.
 പൊതുവിതരണ സംവിധാനത്തിനുള്ള ബജറ്റ് വിഹിതം 2001 കോടി രൂപയായി ഉയർത്തിയും നോർക്ക സഹകരണത്തോടെ സ്ഥാപിക്കുന്ന അന്താരാഷ്ട്ര സാംസ്‌കാരിക സമുച്ചയത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് 5 കോടി രൂപ പുതിയ ബജറ്റിൽ വകയിരുത്തിയതായും ബജറ്റ്  പൊതുചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു. 
 സയൻസ് സിറ്റിയുടെ പ്രാരംഭ പ്രവർത്തനത്തിനാായി 5 കോടി, സാംസ്‌കാരിക ഡിജിറ്റൽ സർവ്വേക്ക് 3 കോടി, മീഡിയ അക്കാഡമിയ്ക്ക് പുതിയ കെട്ടിട നിർമാണത്തിന് 3 കോടി, പട്ടയ മിഷൻ തുടർ പ്രവർത്തനങ്ങൾക്ക് 3 കോടി,  നികത്തിയ നെൽവയൽ പൂർവ്വ സ്ഥിതിയിലാക്കുന്ന പദ്ധതിയ്ക്ക് റിവോൾവിംഗ് ഫണ്ടായി 2 കോടി, നവകേരള സദസ്സിൽ ഉയർന്ന നിർദേശങ്ങളിൽ എല്ലാ മണ്ഡലത്തിലും ഒരു പദ്ധതിയെങ്കിലും ഉറപ്പാക്കാനായി ബജറ്റിൽ 1000 കോടി രൂപ തുടങ്ങിയവ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
 

Latest News