Sorry, you need to enable JavaScript to visit this website.

ദുബായിലെ ലോക സര്‍ക്കാര്‍ പരിപാടിയില്‍ മോഡിയല്ലാതെ പങ്കെടുത്തത് ഒരേയൊരു ഇന്ത്യക്കാരന്‍...

ദുബായ്- ഖത്തറില്‍ ഇസ്രായിലിന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ടെങ്കിലും ഇന്ത്യയുടെ ഫലപ്രദമായ നയതന്ത്രശ്രമങ്ങളുടെ ഫലമായി പ്രതികളായ മുന്‍ ഇന്ത്യന്‍ സൈനികര്‍ മോചിതരായി നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇവരുടെ മോചനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബോളിവുഡ് താരം ഷാറൂഖ് ഖാനാണെന്ന് പരസ്യപ്പെടുത്തിയത് ബി.ജെ.പി സഹയാത്രികനായ സുബ്രഹ്മണ്യന്‍ സ്വാമിയാണ്. ഷാറൂഖ് ഖാന്റെ ഓഫീസ് ഇത് തള്ളുകയും ചെയ്തിരുന്നു. എന്നാലിതാ, ദുബായില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോടൊപ്പം ഒരു വലിയ ആഗോള പരിപാടിയില്‍ പങ്കെടുക്കുകയാണ് കിംഗ് ഖാന്‍. ബുധനാഴ്ച ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ മൂന്നാം ദിനത്തില്‍ ഷാരൂഖ് ഖാനും പങ്കെടുത്തു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൂടാതെ പങ്കെടുത്ത ഏക ഇന്ത്യക്കാരനാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍.

'ദ മേക്കിംഗ് ഓഫ് എ സ്റ്റാര്‍: എ കോണ്‍വേര്‍സേഷന്‍ വിത്ത് ഷാരൂഖ് ഖാന്‍' എന്ന സെഷനില്‍ മുഖ്യാതിഥിയായിരുന്നു താരം. കഴിഞ്ഞ 33 വര്‍ഷത്തെ തന്റെ ബോളിവുഡ് യാത്രയെക്കുറിച്ച് സംസാരിക്കവെ, എന്തുകൊണ്ടാണ് ഇതുവരെ ഒരു ഹോളിവുഡ് സിനിമ ചെയ്യാത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. സിഎന്‍എന്‍ പത്രപ്രവര്‍ത്തകനും അവതാരകനുമായ റിച്ചാര്‍ഡ് ക്വസ്റ്റുമായുള്ള സംഭാഷണത്തില്‍ ജെയിംസ് ബോണ്ടിന്റെ ഐക്കണിക് കഥാപാത്രമായി അഭിനയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഷാരൂഖ് തന്റെ കൈകള്‍ വിടര്‍ത്തിയുള്ള പ്രശസ്തമായ പോസും കാണിച്ചു. കാണികളില്‍ നിന്ന് ഇടിമുഴക്കമുള്ള പ്രതികരണമാണ് കിട്ടിയത്. വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ ചടങ്ങില്‍ സംസാരിക്കുന്ന നടന്റെ ചില ഫോട്ടോകള്‍ പങ്കിട്ടു. കമന്റ്‌സ് ബോക്‌സില്‍ ആരാധകര്‍ കിംഗ് ഖാനോടുള്ള തങ്ങളുടെ സ്‌നേഹം പങ്കുവെച്ചു. അവരില്‍ ഒരാള്‍ 'എസ്ആര്‍കെ ഇന്ത്യയുടെ അഭിമാനമാണ്' എന്ന് എഴുതിയപ്പോള്‍ മറ്റൊരാള്‍ അദ്ദേഹത്തെ 'ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍' എന്ന് വിശേഷിപ്പിച്ചു.

ഇന്ത്യന്‍ മുന്‍ സൈനികരെ മോചിപ്പിച്ച ഖത്തര്‍ അമീറിന് നന്ദി പറയാന്‍ പ്രധാനമന്ത്രി മോഡി ഇന്ന് ഖത്തറില്‍ എത്തുന്നുണ്ട്. ഷാറൂഖ് ഖത്തറിലേക്ക് പോകുന്നുണ്ടോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം.

 

Latest News