96-ാം വയസ്സിലും അധ്വാനിച്ച് നിത്യവും 800 രൂപ  നേടുന്ന ഗോപാലന്‍ നായര്‍ യുവാക്കള്‍ക്ക് മാതൃക 

കോഴിക്കോട്- പ്രായം തളര്‍ത്താത്ത വീര്യവുമായി ഒരു തൊണ്ണൂറ്റിയാറുകാരന്‍. കോഴിക്കോട് തോരായി വെള്ളായിക്കോട്ട് ഗോപാലന്‍ നായര്‍ ആണ് വയസ് നൂറിനോട് അടുക്കുമ്പോഴും തൂമ്പയുമായി തെങ്ങിന് തടം എടുക്കുന്നത്. ദിവസവും 800 രൂപയ്ക്കു ഉച്ചപ്പണിയെടുക്കുന്ന ഗോപാലന്‍ നായര്‍ അധ്വാനത്തിന്റെ വില യുവതലമുറയോട് വിളിച്ചു പറയുകയാണ്.
'അധ്വാനിക്കുന്ന ശരീരത്തിന് രോഗങ്ങളില്ല' എന്ന് പറയുന്നത് എത്ര സത്യം. ഗോപാലന്‍ നായര്‍ തന്നെയാണ് അതിനു ഏറ്റവും വലിയ തെളിവ്. അദ്ദേഹത്തിന് ആരോഗ്യ ്ര്രപശ്‌നങ്ങള്‍ ഇല്ല എന്ന് മാത്രമല്ല, ഉച്ചയാകുമ്പോഴേയ്ക്കും 800 രൂപയ്ക്കു പണിതു പണവും സമ്പാദിക്കുന്നു. ജോലി എടുപ്പിക്കുന്നവര്‍ക്കും പൂര്‍ണ്ണ തൃപ്തി. വര്‍ത്തമാന കേരളത്തില്‍ എണ്‍പതുവയസ് എത്തുമ്പോഴേയ്ക്കും കിടപ്പുരോഗികളാകുന്ന ആളുകളാണ് മിക്കവരും. അവിടെയാണ് അധ്വാനം കൊണ്ട് പ്രായത്തെ തോല്‍പ്പിക്കുന്ന ഗോപാലന്‍ നായരെ പോലുള്ളവര്‍ മാതൃകയാവുന്നത്.
അഞ്ചുമിനിറ്റ് പോലും വെയിലേല്‍ക്കാന്‍ പറ്റാത്ത പുതുതലമുറയ്ക്ക് ഒരു പാഠപുസ്തകമാണ് ഗോപാലന്‍ നായര്‍. കേരളത്തില്‍ ജോലി ചെയ്യാന്‍, പ്രത്യേകിച്ച് മണ്ണില്‍ പണിയെടുക്കാന്‍ യുവാക്കള്‍ തയാറാവാതെ വന്നതോടെയാണ് ബംഗാളികള്‍ക്കൊക്കെ ഇവിടം ഗള്‍ഫ് ആയത്. വിദേശത്തു പോയാല്‍ മാത്രം അധ്വാനിക്കാന്‍ തയാറാകുന്ന മലയാളികളുടെ ഈ മനോഭാവമാണ് കേരളത്തിലെ കാര്‍ഷിക മേഖല ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.
പണിയെടുക്കാന്‍ ആളില്ലാതെ കൃഷി ഭൂമികള്‍ തരിശു കിടക്കുന്നു. എന്നിട്ടു മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ക്കായി കാത്തു കെട്ടിക്കിടക്കുന്നു. പോരാത്തതിന് ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റത്തെയും അവയുടെ ഗുണത്തെയും പറ്റിയും കുറ്റം പറയുകയും ചെയ്യുന്നു. മലയാളിയുടെ ഈ മനോഭാവം മാറാതെ അവനു ആരോഗ്യപരമായും സാമ്പത്തികമായും നിലനില്‍പ്പുണ്ടാവില്ല.

Latest News