Sorry, you need to enable JavaScript to visit this website.

മത്സരം ഉപേക്ഷിച്ചിട്ടില്ല; പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കുമെന്ന് കെ സുധാകരൻ

കണ്ണൂർ - ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു പറഞ്ഞതിനെ തുടർന്ന് കണ്ണൂരിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കെ.പി.സി.സി ഉപസമിതിയെ നിയോഗിച്ചെങ്കിലും വീണ്ടുമൊരു മത്സരത്തിന് സന്നദ്ധതയുമായി കോൺഗ്രസ് അധ്യക്ഷനും കണ്ണൂരിലെ സിറ്റിംഗ് എം.പിയുമായ കെ സുധാകരൻ രംഗത്ത്.
 പാർട്ടി ആവശ്യപ്പെട്ടാൽ കണ്ണൂർ മണ്ഡലത്തിൽ താൻ വീണ്ടും ജനവിധി തേടുമെന്നാണ് കെ സുധാകരൻ പറയുന്നത്. രണ്ട് പദവികൾ ഒരേസമയം വഹിക്കുന്നതിലെ പ്രയാസം കാരണമാണ് മത്സരിക്കാനില്ലെന്ന വ്യക്തിപരമായ തീരുമാനം ദേശീയ നേതൃത്വത്തോടും മറ്റും അറിയിച്ചത്. ഇനി പാർട്ടി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാൽ താനത് അംഗീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ പറയേണ്ടത് അവിടെ പറയുകയും പാർട്ടി തീരുമാനം അനുസരിക്കുകയും ചെയ്യുകയെന്നതാണ് ഏതൊരു പ്രവർത്തകന്റെയും കടമയെന്നും അത് തനിക്കും ബാധകമാണെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 
 സുധാകരൻ മത്സര രംഗത്തേക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ കണ്ണൂരിലും കഴിഞ്ഞതവണ സീറ്റ് നഷ്ടപ്പെട്ട ആലപ്പുഴയിലെയും സ്ഥാനാർത്ഥി ആരാവണമെന്ന് തീരുമാനിക്കാൻ കേരളത്തിന്റെ ചുമതയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ സാന്നിധ്യത്തിൽ കെ.പി.സി.സി തെരഞ്ഞെടുപ്പ് ഉപസമിതിയെ നിയോഗിച്ചിരുന്നു. ഇതനുസരിച്ച് ഇരു മണ്ഡലത്തിലെയും സ്ഥാനാർത്ഥി പട്ടികയിൽ ഇടം കണ്ടെത്താൻ സാധ്യതയുള്ള വിവിധ നേതാക്കളുടെ പേരുകൾ നേതൃത്വം ഇഴപിരിച്ച് പരിശോധിച്ചുവരികയാണ്. അതിനിടെ, സുധാകരൻ തന്നെ താൻ മത്സരിക്കാൻ വീണ്ടും സന്നദ്ധനാണെന്നു അറിയിച്ചതോടെ കണ്ണൂരിൽ നേതൃത്വം മറ്റൊരു ഓപ്ഷനിലേക്ക് പോകാൻ സാധ്യത കുറവാണെന്നാണ് വിവരം. 
 കണ്ണൂർ പോലുള്ള ഒരു സീറ്റ് നഷ്ടമാവുന്ന സാഹചര്യം ഒഴിവാക്കാനാണ് കെ സുധാകരൻ വീണ്ടും മത്സര രംഗത്തുവരുന്നതെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങൾ നൽകുന്ന സൂചന.

Latest News