പാലത്തിന്റെ കൈവരിയിലേക്ക് ബസ് ഇടിച്ചു കയറി ഇരുപതോളം പേര്‍ക്ക് പരിക്ക്, വന്‍ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

തൃശൂര്‍ - കുന്നംകുളത്തിനു സമീപം ചൂണ്ടലില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് പാലത്തിന്റെ തൂണിലിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കുന്നംകുളം ഭാഗത്തു നിന്ന് തൃശൂരിലേക്ക് പോകുന്ന ഫിസു മോന്‍ ട്രാവല്‍സ് എന്ന ബസാണ് ബുധനാഴ്ച രാവിലെ ഒന്പതരയോടെ അപകടത്തില്‍ പെട്ടത്. പതിനാറു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ് . പരിക്കേറ്റവരെ അമല ആശുപത്രിയിലും കുന്നംകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് റോഡില്‍ നിന്നും പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ കൈവരി തകര്‍ന്ന് ബസ് മുന്നോട്ടു നീങ്ങിയെങ്കിലും കൂടുതല്‍ നീങ്ങിയിരുന്നെങ്കില്‍ വന്‍ ദുരന്തത്തിലേക്ക് നയിക്കുമായിരുന്നു. കുന്നംകുളം അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ബി.വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്‌നി രക്ഷാസേന സംഘവും കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ.ഷാജഹാന്‍,കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ് എന്നിവരുടെ   നേതൃത്വത്തിലുള്ള പോലീസ്  സംഘവും യാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

 

Latest News