സര്‍ക്കാര്‍ രൂപീകരണമെന്ന സാഹസികത കാണിക്കരുത്- മുന്നറിയിപ്പ് നല്‍കി ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്- തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നല്‍കിയതിന് പാക് ജനതയോട് നന്ദി പറഞ്ഞ് പി.ടി.ഐ സ്ഥാപകന്‍ ഇമ്രാന്‍ ഖാന്‍. വെല്ലുവിളികള്‍ക്കിടയിലും വിജയം നേടിയെടുക്കുന്നതില്‍ പി.ടി.ഐയുടെ സോഷ്യല്‍ മീഡിയ സ്വാധീനത്തെയും പോളിംഗ് ഏജന്റുമാരുടെ പ്രതിരോധത്തെയും അദ്ദേഹം അഭിനന്ദിച്ചു. തട്ടിക്കൂട്ടുന്ന മുന്നണിയിലൂടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാഹസികത കാണിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയ ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ ജനാധിപത്യത്തിന്റെയും നീതിയുടെയും ആവശ്യകത ഊന്നിപ്പറഞ്ഞു. ഇത്തരം നടപടികള്‍ പൗരന്മാരെ അപമാനിക്കുമെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പിപിപി, പിഎംഎല്‍എന്‍, എംക്യുഎം എന്നിവയുള്‍പ്പെടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ഇടപെടരുതെന്ന് പാര്‍ട്ടിയോട് നിര്‍ദ്ദേശിച്ച ഇമ്രാന്‍ ഖാന്‍ ജനങ്ങളുടെ ഇഷ്ടത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉറപ്പിച്ചു.

അതിനിടെ, മറ്റ് രാഷ്ട്രീയ നേതാക്കളുമായി ചേര്‍ന്ന് സംയുക്തമായി സര്‍ക്കാര്‍ സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ എത്തിയതായി പിപിപി സഹ അധ്യക്ഷന്‍ ആസിഫ് അലി സര്‍ദാരി അറിയിച്ചു. ഈ പ്രക്രിയയില്‍ പിടിഐയുടെ പങ്കാളിത്തം ഉള്‍പ്പെടെയുള്ള അനുരഞ്ജനത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പി.ടി.ഐ ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ ശക്തികളും സാമ്പത്തിക, പ്രതിരോധ അജണ്ടകള്‍ക്കായി ചര്‍ച്ചയില്‍ ഏര്‍പ്പെടണമെന്ന ആശയം സര്‍ദാരി പ്രകടിപ്പിച്ചു.
പിഎംഎല്‍എന്‍ പ്രസിഡന്റ് ഷെഹ്ബാസ് ഷെരീഫ് തന്റെ സഹോദരന്‍ നവാസ് ഷെരീഫിനോട് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചു.  ആഭ്യന്തര കൂടിയാലോചനകള്‍ക്ക് ശേഷം പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിഎംഎല്‍എന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് മറിയം നവാസ് പാര്‍ട്ടിയുടെ നോമിനിയാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

Latest News