Sorry, you need to enable JavaScript to visit this website.

അഹ്‌ലന്‍ മോഡി പരിപാടിക്കൊരുങ്ങി അബുദാബി, വന്‍ ജനക്കൂട്ടമെത്തും

അബുദാബി- രണ്ട് ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അല്‍പസമയത്തിനകം അബുദാബിയിലെത്തും. അബുദാബിയില്‍ നടക്കുന്ന അഹ്ലന്‍ മോദി പരിപാടിയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അദ്ദേഹം ക്ഷണിച്ചു. ഇന്ന് വൈകുന്നേരമാണ് പരിപാടി.
അവിസ്മരണീയമായ അവസരത്തില്‍ പങ്കുചേരൂ എന്ന്  അബുദാബിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പ്രധാനമന്ത്രി മോഡി ട്വീറ്റ് ചെയ്തു.
സന്ദര്‍ശന വേളയില്‍ അദ്ദേഹം പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ കാണുകയും തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.
ഇന്ന് വൈകുന്നേരം അബുദാബിയിലെ സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന 'അഹ്ലന്‍ മോഡി' പരിപാടിയില്‍ പ്രധാനമന്ത്രി മോഡി ആയിരക്കണക്കിന് പ്രവാസികളെ അഭിസംബോധന ചെയ്യും. മോഡിയുടെ പ്രസംഗത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സമൂഹത്തില്‍നിന്ന് 'അതിശക്തമായ പ്രതികരണം' ലഭിച്ചതിനാലാണ് രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ചതെന്ന് ഇവന്റ് സംഘാടകര്‍ പറഞ്ഞു.

പരിപാടിയിലേക്ക് പ്രധാനമന്ത്രി മോഡിയെ സ്വീകരിക്കാന്‍ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ച രണ്ടായിരത്തിലധികം വളണ്ടിയര്‍മാരാണ് മോക്ക് ഡ്രില്ലിനായി എത്തിയത്. പരിപാടിക്ക് വലിയ ജനക്കൂട്ടത്തെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു- അഹ്ലന്‍ മോഡി പരിപാടിയുടെ സംഘാടകരിലൊരാളായ ജിതേന്ദ്ര വൈദ്യ പറഞ്ഞു.

ഉച്ചകഴിഞ്ഞ് 3.30 മുതല്‍ പരിപാടി ആരംഭിക്കും. നൂറുകണക്കിന് കലാകാരന്മാര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികള്‍, സ്റ്റേഡിയത്തിനുള്ളില്‍ ഘോഷയാത്ര, സംഘഗാനം, നൃത്ത പ്രകടനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ദുബായിലും മറ്റും പരിപാടിയുടെ റിഹേഴ്‌സലുകള്‍ നടന്നു.

വൈകിട്ട് ആറ് മണിയോടെ മോഡി വേദിയിലെത്തി പ്രസംഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് എമിറേറ്റുകളില്‍ നിന്നും പങ്കെടുക്കുന്നവരെ വേദിയിലേക്ക് കൊണ്ടുവരാന്‍ സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച ദുബായില്‍ നടക്കുന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടി 2024 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കും. തുര്‍ക്കി, ഖത്തര്‍ എന്നിവക്കൊപ്പം ഇന്ത്യയും അതിഥിയായിരിക്കുന്ന ഉച്ചകോടിയില്‍ മോഡി മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ബുധനാഴ്ച വൈകുന്നേരം, അബുദാബിയില്‍ മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം മോഡി ഉദ്ഘാടനം ചെയ്യും.

 

Latest News