ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് പോസ്റ്റിട്ട എന്‍ ഐ ടി അധ്യാപിക ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല, മൂന്ന് ദിവസം സമയം ചോദിച്ചു

കോഴിക്കോട് - ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് കമന്റിട്ട  കോഴിക്കോട് എന്‍ ഐ ടി അധ്യാപിക  ഷൈജ ആണ്ടവന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടിച്ചോദിച്ചു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ ചോദ്യം ചെയ്യലിനായി ഇന്ന് സ്റ്റേഷനില്‍ ഹാജരാകാനാകില്ലെന്ന് ഷൈജ ആണ്ടവന്‍ പോലീസിനെ അറിയിച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തേക്കാണ് സമയം ചോദിച്ചിരിക്കുന്നത്. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയിലാണ് കുന്ദമംഗലം പോലീസ് ഷൈജക്കെതിരെ കേസെടുത്തിരിക്കുന്നത്. 

ഗാന്ധിജി കൊല്ലപ്പെട്ടതിന്റെ ഓര്‍മ്മ ദിനമായ ജനുവരി 30 ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്. ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയില്‍ അഭിമാനം കൊള്ളുന്നുവെന്ന അര്‍ത്ഥമുള്ളതായിരുന്നു ഇംഗ്ലീഷിലുള്ള കമന്റ്. 'ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥൂറാം വിനായക് ഗോഡ്‌സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്.

Latest News