മാനന്തവാടിയിലും തിരുനെല്ലിയിലും  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി

മാനന്തവാടി - മാനന്തവാടി സ്വദേശി അജീഷിന്റെ ജീവനെടുത്ത ബേലൂര്‍ മഗ്‌ന (മോഴ) ദൗത്യം നാലാം ദിനത്തില്‍. ആന മണ്ണുണ്ടി മേഖലയിലാണുള്ളത്. മയക്കുവെടി വയ്ക്കാനുള്ള ശ്രമം തുടരുന്നു. പ്രദേശത്തെ അടിക്കാടാണ് ദൗത്യത്തിന് വെല്ലുവിളിയാകുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനയെ ഇതുവരെ മയക്കുവെടി വയ്ക്കാന്‍ സാധിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇന്ന് വനംമന്ത്രിയുടെ വസതിയിലേക്ക് യു ഡി എഫ് എം എല്‍ എമാര്‍ മാര്‍ച്ച് നടത്തും. അതേസമയം, കാട്ടാനയുടെ സാന്നിദ്ധ്യം തുടരുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വയനാട് ജില്ലാ കലക്ടര്‍ രേണു രാജ് ഇന്നും അവധി പ്രഖ്യാപിച്ചു. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ 12 മുതല്‍ 15 വരെ ഡിവിഷനുകളായ കുറുക്കന്‍ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നലെ ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആനയ്ക്ക് വേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചത്. ആനയുടെ റേഡിയോ കോളറില്‍ നിന്നുളള സിഗ്‌നല്‍ രാവിലെ 7.30നും 9.30നും ലഭിച്ചിരുന്നു. തെരച്ചിലില്‍ പത്തരയോടെ കണ്ടെത്താനായി. നൂറ് മീറ്റര്‍ അകലെയായിരുന്നു. പെട്ടെന്ന് ഉള്‍ക്കാട്ടിലേക്ക് ഓടി മറഞ്ഞു. കുങ്കിയാനകളുടെ സാന്നിദ്ധ്യം അതിനെ ഭയപ്പെടുത്തുന്നതായി സംശയമുണ്ട്. ആനയെ രണ്ടാമത് കണ്ടത് ചതുപ്പ് പ്രദേശത്തായിരുന്നു.അവിടെ വച്ച് മയക്കുവെടി വച്ചാല്‍ പിടികൂടാന്‍ സാധിക്കുമായിരുന്നില്ല. വീണ്ടും ഉള്‍ക്കാട്ടിലേക്ക് പോയി.

Latest News