കേരളത്തില്‍ അധികം താമസിയാതെ ബി ജെ പിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം - കേരളത്തില്‍ അധികം താമസിയാതെ  ബി ജെ പിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബി ജെ പി സംസ്ഥാന കാര്യാലയം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. എല്‍ ഡി എഫിനെയും യു ഡി എഫിനെയും ജനങ്ങള്‍ മടുത്തു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗ്യാരണ്ടി എല്ലാവരിലും എത്തിക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയന്‍ സര്‍ക്കാറിന് ഭരിക്കാന്‍ അറിയാത്തതുകൊണ്ടാണ് സംസ്ഥാനം സാമ്പത്തികമായി തകര്‍ന്നത്. അതിന് ദല്‍ഹിയില്‍ പോയി സമരം ചെയ്തതു കൊണ്ട് കാര്യമില്ല. കേന്ദ്ര സര്‍ക്കാരിന്റെ കൂടുതല്‍ സഹായം ഇല്ലായിരുന്നെങ്കില്‍ കേരളം പട്ടിണിയാകുമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജന്തര്‍മന്തറില്‍ അഴിമതിക്കാരുടെ കൂട്ടായ്മയാണ് കണ്ടത്. നിലനില്‍പ്പിന് വേണ്ടിയാണ് അവര്‍ ഒന്നിച്ചു നില്‍ക്കുന്നത്. മസാല ബോണ്ട് പോലെയുള്ള തലതിരിഞ്ഞ സാമ്പത്തിക നയമാണ് സംസ്ഥാനത്തിന്റെ സമ്പദ്ഘടന പൂര്‍ണമായും തകര്‍ത്തത്. വലിയ തട്ടിപ്പാണ് മസാല ബോണ്ടിന്റെ മറവില്‍ തോമസ് ഐസക്കും മുഖ്യമന്ത്രിയും നടത്തിയത്. തെറ്റ് ചെയ്തത് കൊണ്ടാണ് ഐസക്ക് ഇ ഡിയില്‍ നിന്നും ഒളിച്ചോടുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് കേരളത്തെ തകര്‍ത്തിട്ട് ദല്‍ഹിയില്‍ പോയി നാടകം കളിച്ചിട്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Latest News